മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ ലാലിന്റെ വിജയം. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു
അതേസമയം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനില്‍ക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കും.
40 ഓളം പേര്‍ വിവിധ സ്ഥാനങ്ങളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. ജൂണ്‍ 30 ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക.
വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.