കാസര്‍കോട്: ബേക്കല്‍ കോട്ട കാണാനെത്തിയ കമിതാക്കളെ ആക്രമിച്ച് സ്വര്‍ണ്ണകൈചെയിനും 5000 രൂപയും തട്ടിയെടുത്തു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. നാരമ്പാടി സ്വദേശി 19കാരനും കാമുകിയെന്ന് സംശയിക്കുന്ന യുവതിയുമാണ് അക്രമത്തിന് ഇരയായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഇരുവരെയും കാറിന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കൈചെയിനും യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 5000 രൂപയും നാലംഗ സംഘം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ സദാചാര പൊലീസ് ചമഞ്ഞ സംഘമായിരിക്കുമോയെന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. അക്രമികളെ കണ്ടെത്താന്‍ സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു.
