ഡെമോക്രസി – ഫിഫ്റ്റി-ഫിഫ്റ്റി

നാരായണന്‍ പേരിയ

‘പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം’ –
പതിനെട്ടാമത്തെ ലോക്സഭയോ? ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് എഴുപത്തഞ്ച് വര്‍ഷമായി. ഒരു ലോക്്‌സഭയുടെ കാലാവധി അഞ്ചുവര്‍ഷം. ആ കണക്കനുസരിച്ച് പതിനഞ്ച് സഭക്കുള്ള കാലം. പക്ഷെ ഇപ്പോഴത്തേത് പതിനെട്ടാമത്തേതാണത്രേ. എല്ലാ ലോക്്‌സഭയും നിശ്ചിത കാലാവധി പൂര്‍ത്തിയാക്കുക ഉണ്ടായിട്ടില്ല എന്നര്‍ത്ഥം; ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജി വെച്ചൊഴിയേണ്ടി വന്നു എന്ന് മനസ്സിലാക്കാം.
തിരഞ്ഞെടുപ്പുകള്‍ ഇടക്കിടെ. ഇപ്പോള്‍ത്തന്നെ പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും പലേടത്തും ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടി വരുന്നു. അതിനിടയാക്കുന്നത് നമ്മുടെ തിരഞ്ഞെടുപ്പ് നിയമത്തിലെ ചില വ്യവസ്ഥകളാണ്-ഭരണഘടന തയ്യാറാക്കിയവരുടെ നോട്ടക്കുറവ്. അങ്ങനെ പറയാമോ? നിയമജ്ഞരായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്നവരില്‍ ഭൂരിപക്ഷം. എന്നിട്ടും നോട്ടക്കുറവ് പറ്റിയോ? ഒരാള്‍ക്ക് ഒന്നിലധികം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അനുവാദമുണ്ട്. രണ്ടിടത്ത് ജയിച്ചാല്‍ അതില്‍ ഒരു മണ്ഡലം ഒഴിയേണ്ടി വരും. അവിടെ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഉദാഹരണം: വയനാട്. രാഹുല്‍ഗാന്ധി വയനാട്ടിലും റായ്്ബറേലിയിലും ജയിച്ചു. വയനാട് ഒഴിയും എന്നാണ് കേട്ടത്. ഒരാള്‍ രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കാന്‍ പാടില്ലല്ലോ. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിലര്‍ ലോക്്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടല്ലോ. അവരും ആറ് മാസത്തിനുള്ളില്‍ ഒന്ന് ഒഴിയണം. അവിടെ വീണ്ടും ഇലക്ഷന്‍ നടത്തണം.
ഒരു ഇലക്ഷന്‍ വളരെ പണച്ചെലവുള്ള ഏര്‍പ്പാടാണ്-പൊതുഖജാന ശോഷിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥിക്കും ചെലവുണ്ട്. ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കും, അത് രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യം. വോട്ട് ചെയ്തവരുടെ കാര്യമോ? ‘തങ്ങളുടെ എം.പി രാഹുല്‍ ഗാന്ധി’ എന്ന് വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പറയാന്‍ പാടില്ല; അദ്ദേഹം തിരഞ്ഞെടുപ്പിന്റെ പിന്നാലെ രാജി വെച്ചാല്‍. സമ്മതിദായകരെ ആക്ഷേപിക്കുകയാണ് ഇത് വഴി ചെയ്യുന്നത്. ഭരണഘടന ചെയ്യിക്കുന്നത്.
2004ല്‍ യുപിഎ അധികാരത്തില്‍ വന്ന ശേഷം ഒരു പ്രഖ്യാപനം: ”ത്യാഗദിവസ്”-സോണിയാഗാന്ധിയുടെ ജന്മദിനം ‘ത്യാഗദിവസ്’ ആയി ആഘോഷിക്കണം. പ്രധാനമന്ത്രി പദവി സ്വീകരിക്കണം എന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചിട്ട് അത് വിനയപുരസ്സരം നിരസിച്ചു. ”അധികാരത്യാഗം” അന്ന് കേന്ദ്രആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ പ്രസംഗിച്ചു: ”ശ്രീബുദ്ധന്റെയും അശോകചക്രവര്‍ത്തിയുടെയും മഹാത്മാഗാന്ധിയുടെയും ഗുണഗണങ്ങള്‍ ഒത്തിണങ്ങിയ മഹനീയ വ്യക്തിത്വമാണ് സോണിയാ ഗാന്ധിയുടേത്.” പ്രധാനമന്ത്രി പദം സ്വീകരിച്ചില്ലല്ലോ. ഇത്തവണ വീണ്ടും ഒരു ത്യാഗം: പ്രതിപക്ഷ നേതാവ് എന്ന പദവി. അത് വേണ്ട, പാര്‍ട്ടി അധ്യക്ഷ പദവി മതി എന്ന്! വയനാട് എം.പി സ്ഥാനം വേണ്ട, റായ്ബറേലി എം.പി സ്ഥാനം മതി എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ ജന്മദിവസം വയനാട്ടുകാര്‍ ”ത്യാഗദിവസ്” ആയി കൊണ്ടാടട്ടെ!
ഇന്ത്യയില്‍ ”ഫിഫ്റ്റി ഫിഫ്റ്റി ജനാധിപത്യം” എന്ന് പറഞ്ഞത് നിയമജ്ഞനായ നാനിപാല്‍ക്കിവാല. ”ഒന്നാംകിട ഭരണഘടനയുള്ള രണ്ടാംകിട രാജ്യം എന്നും. പാല്‍ക്കി വാലയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ രാമചന്ദ്രഗുഹ അവിടെ നിന്നും മുന്നോട്ടു പോയി. ഇപ്പോള്‍ മൂന്നാം കിടയില്‍ നിന്നും താഴോട്ട് പോയിട്ടുണ്ടാകും എന്ന്.
ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാര്‍ ഉടനെ ചെയ്യേണ്ട ഒരു കാര്യം, ഗുഹയുടെ അഭിപ്രായത്തില്‍, തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പണപ്പിരിവ് സംബന്ധിച്ചാണ്. വളരെ സുതാര്യമായിരിക്കണം പിരിവ്. അല്ലാത്തപക്ഷം അഴിമതിക്കിടയാക്കും.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കുറ്റവാളികളെ വിലക്കണം. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന വ്യക്തിവിവരപ്പട്ടികയുടെ നിജസ്ഥിതി പരിശോധിക്കണം. പക്ഷെ, വോട്ടെടുപ്പിന് മുമ്പ് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമോ?
അപ്പോള്‍ കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനിടയാകും. ജയിച്ചു കഴിഞ്ഞാല്‍ നിയമം അവരെ രക്ഷിക്കാനെത്തും. കുറ്റവാളിപ്പട്ടികയില്‍ പേരുണ്ടായാലും നിയമസഭാ സാമാജികനെ (എം.പി.യേയും എം.എല്‍.എയേയും) അറസ്റ്റ് ചെയ്യാന്‍ പാടില്ല. ചോദ്യം ചെയ്യണമെങ്കില്‍ പോലും സ്പീക്കറുടെ അനുമതി വേണം.
തിരഞ്ഞെടുപ്പില്‍ അഴിമതിയോ ക്രമക്കേടോ നടത്തിയാല്‍പ്പോലും നടപടി എളുപ്പമല്ല. കുറ്റവും ക്രമക്കേടും അങ്ങനെ അല്ലാതാക്കിക്കൊണ്ട് ഭേദഗതി ചെയ്യാം. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ചെലവുകള്‍ക്ക് പരിധിയുണ്ട്. ചെലവ് കണക്ക് ഫലപ്രഖ്യാപനം കഴിഞ്ഞ് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കണം എന്നാണ് ചട്ടം. പരിധിയില്‍ക്കവിഞ്ഞ് ചെലവ് ചെയ്താല്‍ തിരഞ്ഞെടുപ്പ് അസാധുവാക്കാം. പക്ഷെ, അധികാരത്തിലിരിക്കെ മത്സരിക്കുന്ന വ്യക്തിക്ക് ഇത് മറികടക്കാം. ചട്ടം മുന്‍കാലപ്രാബല്യത്തോടെ ഭേദഗതി ചെയ്യാം. അടിയന്തരാവസ്ഥക്കാലത്ത് അത് നടന്നു. ”ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന ഏര്‍പ്പാട്” എന്ന് സുപ്രിം കോടതി ജഡ്ജി ജ.എച്ച്.ആര്‍ ഖന്ന നിരീക്ഷിച്ചു.
സമാനസംഭവങ്ങള്‍ വിലയിരുത്തിയാണ് ഫിഫ്റ്റി ഫിഫ്റ്റി ജനാധിപത്യം എന്ന് രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും വിശേഷിപ്പിച്ചത്.
കൊള്ളാം-ഡെമോക്രസി ഫിഫ്റ്റി-ഫിഫ്റ്റി!

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page