കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെയുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നു തീ പെട്ടെന്ന് കെടുത്തിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
മേല്‍ക്കാവിലെ തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്കു നിവേദ്യം ഒരുക്കുന്നതിനിടയിലാണ് തീ ആളിപ്പിടിച്ചത്. മേല്‍ക്കൂരയിലേക്കു പടര്‍ന്ന തീ നേരിയ നാശനഷ്ടം ഉണ്ടാക്കിയതായി പറയപ്പെടുന്നു. അവധി ദിവസമായിരുന്നതിനാല്‍ ഭക്തജനത്തിരക്ക് രാവിലെ അനുഭവപ്പെട്ടിരുന്നു.
നിവേദ്യപ്പുരയിലേക്കു ശാന്തിമാരും കഴകക്കാരും മാത്രമേ സാധാരണ പ്രവേശിക്കാറുള്ളൂ. തീ ആളിപ്പിടിച്ചപ്പോള്‍ ജീവനക്കാരും ഭക്തന്മാരും ചേര്‍ന്നു വെള്ളമൊഴിച്ചു തീകെടുത്തുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് അടച്ച നട പുണ്യാഹത്തിനു ശേഷം ഉച്ചയോടെ വീണ്ടും തുറന്നു.
