തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം;ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി; സിപിഐ യോഗത്തില്‍ വിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് വരെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തുവെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. നവ കേരള സദസ്സിലെ ധൂര്‍ത്തും ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോയുടെ ദുരവസ്ഥയും ജനങ്ങളെ സര്‍ക്കാരിനെതിരാക്കി. പിപി സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് അംഗങ്ങള്‍ രംഗത്തെത്തി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഗുണം ചെയ്യില്ല. സികെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page