തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് സത്യഭാമയ്ക്കെതിരെ കേസ് എടുത്തത്. നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നെടുമങ്ങാട് എസ്സി-എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനായിരുന്നു നിര്‍ദേശം. ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാന്‍ സൗന്ദര്യം വേണം. കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.
