കാസര്‍കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ മറിയാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഇരിയണ്ണി-ബോവിക്കാനം റോഡില്‍ ചിപ്ലിക്കയയിലാണ് അപകടം. ബംഗ്ളൂരുവില്‍ പഠിക്കുന്ന മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ കാറുമായി ബോവിക്കാനത്തേക്ക് പോവുകയായിരുന്നു രാജന്‍. ചിപ്ലിക്കയയിലെത്തിയപ്പോള്‍ കുറുകെ ഓടിയ കാട്ടുപോത്ത് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗവും ചില്ലും പൂര്‍ണ്ണമായും തകര്‍ന്നു. രാത്രികാലങ്ങളില്‍ വന്യമൃഗ ശല്യം പതിവായ പ്രദേശമാണ് ചിപ്ലിക്കയ. യാത്രക്കാരായ പലരും പല തവണ അപകടങ്ങളില്‍ നിന്നു ഒഴിവായ സ്ഥലം കൂടിയാണിത്. വന്യമൃഗഭീഷണിയുണ്ടെന്ന മുന്നറിയിപ്പു ബോര്‍ഡ് വനം വകുപ്പ് അധികൃതര്‍ അടുത്തിടെ മഞ്ചക്കല്‍ റോഡരികില്‍ സ്ഥാപിച്ചിരുന്നു.
