കുവൈറ്റ് ദുരന്തത്തില്‍ മരണ നിരക്ക് ഉയരുന്നു; മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍; 7 പേര്‍ ഗുരുതരാവസ്ഥയില്‍; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം

ന്യൂഡല്‍ഹി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാര്‍. 24 മലയാളികള്‍ മരിച്ചെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. മൂന്നു ഫിലിപെയിന്‍സ് പൗരന്മാരും ഒരു പാക്കിസ്ഥാന്‍ പൗരനും അപകടത്തില്‍ മരിച്ചു. മരണപ്പെട്ട 24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞതായി നോര്‍ക്ക അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക സിഇഒ വ്യക്തമാക്കി. 7 പേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.പരിക്കേറ്റവരുടെ ചികില്‍സ അവിടെ തന്നെ തുടരും. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎന്‍എ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും നോര്‍ക്ക വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം കുവൈത്ത് ദുരന്തം വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന ഫലം കൂടി കിട്ടിയ ശേഷമേ നാട്ടിലെത്തിക്കാനാകൂയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി. മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനായി എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കൂടി സഹകരിപ്പിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പരിക്കേറ്റവരുടെ പുനരധിവാസമടക്കം കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചകളിലുണ്ട്. കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ് ശങ്കര്‍ ചര്‍ച്ച നടത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റിനെ ഇന്ത്യ നന്ദിയറിയിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page