പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ താക്കീത്; സസ്പെന്‍ഷന്‍ കാലം ലീവ് ആക്കി

കാസര്‍കോട്: പോക്സോ കേസില്‍ പ്രതിയായ കുമ്പള ജിഎച്ച്എസ്എസ് മുന്‍ അറബിക് അധ്യാപകന്‍ വി പി യൂസഫിനെ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നന്ദികേശന്‍ താക്കീതു ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ കോപ്പി കുമ്പള ജി.എച്ച്.എസ്.എസ് പ്രധാന അധ്യാപകനും ഉദുമ ജിഎച്ച്.എസ്എസ് പ്രധാന അധ്യാപകനും ആരോപണ വിധേയനായ യൂസഫ് വിപിയ്ക്കും ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്കും ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഉപ ഓഫീസര്‍മാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഉപവിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസിലും ഉത്തരവിന്റെ കോപ്പി സൂക്ഷിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കു മാതൃകയാകേണ്ട ഒരധ്യപകന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരാതിക്കാരികളായ വിദ്യാര്‍ത്ഥിനികള്‍ മൊഴിമാറ്റിപ്പറഞ്ഞതിനെത്തുടര്‍ന്നു ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്നു വകുപ്പുതലത്തില്‍ നടന്ന അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളും പിടിഎയും ചില അധ്യാപകരും യൂസഫിനെതിരെയുള്ള ആരോപണം നിഷേധിച്ചു. അതേസമയം 2023 മാര്‍ച്ച് മൂന്നിനു മൊഗ്രാല്‍ ജി വി എച്ച് എസ് കൗണ്‍സിലര്‍ നടത്തിയ അന്വേഷണത്തില്‍ യൂസഫിനെതിരെ പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നതു ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തി. മാത്രമല്ല സ്‌കൂളിലെ മൂന്നു അധ്യാപികമാര്‍ നടത്തിയ കുത്തിത്തിരിപ്പാണ് സംഭവമെന്ന യൂസഫിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. യൂസഫിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നതെങ്കിലും അധ്യാപകരില്‍ നിന്നുണ്ടാവുന്ന ഇത്തരം നടപടികള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ എടുത്തുകാട്ടി. ഭാവിയില്‍ യൂസഫിനെതിരെ ഇത്തരം പരാതികളുണ്ടായാല്‍ കടുത്ത വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനാകേണ്ടി വരുമെന്നു റിപ്പോര്‍ട്ട് താക്കീത് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അച്ചടക്ക നടപടി അവസാനിപ്പിക്കുകയും സസ്പെഷന്‍ കാലാവധി അവധിയായി അംഗീകരിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page