ദുബായി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് പറഞ്ഞു. ഇതില്‍ 5 പേര്‍ മലയാളികളാണെന്നാണ് സൂചന. 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. തെക്കന്‍ കുവൈറ്റിലെ മംഗഫില്‍
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ തീപ്പിടിത്തം ഉണ്ടായത്. താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നു. ഇത് അതിവേഗം പടര്‍ന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ആളുകള്‍ പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരിച്ചത്. കേരളത്തില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടെ 195 തൊഴിലാളികള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീപിടിത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് അടിയന്തിര ഹെല്‍പ് ലൈന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 965 -65505246 ആണ് നമ്പര്‍. ഇന്ത്യന്‍ അംബാസിഡര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചുവെന്ന് വിദേശ കാര്യമന്ത്രി ജയശങ്കര്‍ അറിയിച്ചു. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ക്യാംപാണിത്.
