ആരും പരിഭ്രാന്തരാവരുത്; ഇന്ന് സംസ്ഥാനത്തെങ്ങും സൈറൺ മുഴങ്ങും! ഇത് ഒരു പരീക്ഷണം മാത്രമെന്ന് അധികൃതർ

ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും, ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. 85 സൈറണുകളാണ് ചൊവ്വാഴ്ച പരീക്ഷിക്കുന്നത്. വിവിധ ജില്ലകളിൽ സൈറണുകൾ വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ വെച്ചിരിക്കുന്നത് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. സർക്കാർ കെട്ടിടങ്ങളിലും മൊബൈൽ ടവറുകളിലും സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. കാസർകോട് ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അട്ക്കത്ത്ബയല്‍ ജി.എഫ്.യു.പി.എസ്, ചെറുവത്തൂര്‍ ജി.എഫ്.വിഎച്ച്.എസ്.എസ്, കുഡ്‌ലു സൈക്ലോണ്‍ ഷെല്‍ട്ടര്‍, കുമ്പള ജി.എച്ച്.എസ്.എസ്, പുല്ലൂര്‍ പെരിയ സൈക്ലോണ്‍ ഷെല്‍ട്ടര്‍, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page