ഷാഫി പറമ്പില്‍ പാലക്കാട് നിയോജക മണ്ഡലം എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് രാജി സമര്‍പ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. പാലക്കാട് ജനതയോട് നന്ദി അറിയിക്കുന്നുവെന്നും നിയമസഭാംഗത്വം ജീവിതത്തിലെ സുപ്രധാനമായ നേട്ടമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. നിയമസഭ മിസ് ചെയ്യും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എംഎല്‍എ ആയി ഇരുന്നതിലും രണ്ടു ടേം പ്രതിപക്ഷ എംഎല്‍എ ആയതിലും ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ പരാജയപ്പെടുത്തി ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി ജെ പിയേക്കാള്‍ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഇതേ മുന്നേറ്റം തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ വണ്ടി കയറിയപ്പോള്‍ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി.ടി ബല്‍റാം എന്നിവരുടെ പേരുകളാണ് യുഡിഎഫില്‍ നിന്ന് സജീവ പരിഗണനയിലുള്ളത്.