കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപ തട്ടിപ്പാക്കിയ കേസിന്റെ അന്വേഷണം വഴിമുട്ടിയോ? കേസിലെ മുഖ്യപ്രതികളായ സംഘം സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട്ടെ നബീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടും തട്ടിപ്പാക്കിയ പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി ഉണ്ടായതോടെയാണ് ഇത്തരമൊരു സംശയം ഉയരുന്നത്.
സൊസൈറ്റിയില്‍ നിന്നും സെക്രട്ടറിയായ രതീഷ് തട്ടിയെടുത്ത പണയ സ്വര്‍ണ്ണങ്ങള്‍ മറ്റൊരു സംഘത്തിനു കൈമാറുകയും അവ വിവിധ സ്ഥലങ്ങളിലെ ബാങ്കുകളില്‍ പണയപ്പെടുത്തി കൈക്കലാക്കിയ പണം ജബ്ബാറിനു കൈമാറിയെന്നുമാണ് രതീഷ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പണം താന്‍ കോഴിക്കോട് സ്വദേശിയായ നബീലിന് നല്‍കിയെന്നാണ് ജബ്ബാര്‍ നല്‍കിയ മൊഴി. എന്നാല്‍ തട്ടിപ്പ് വഴി കൈക്കലാക്കിയ പണം യഥാര്‍ത്ഥത്തില്‍ ആരുടെ കൈകളിലാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രതീഷും ജബ്ബാറും നബീലും അല്ലാതെ മറ്റാരുടെയെങ്കിലും കൈകളിലേക്കാണോ പണം പോയതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടിപ്പാക്കിയിട്ടുള്ളതായി പ്രചരണമുണ്ടെങ്കിലും അതിന്റെ നിജസ്ഥിതി കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കണ്ണൂരിലെ ജബ്ബാറും കോഴിക്കോട്ടെ നബീലും എങ്ങനെയാണ് രതീഷിനെ ബന്ധപ്പെട്ടതെന്ന കാര്യത്തിലും വ്യക്തത വരുത്താനായിട്ടില്ല. കുംബഡാജെ സ്വദേശിയായ ഒരാളാണ് ഇവര്‍ക്ക് ഇടനിലക്കാരനായതെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും അത്തരമൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്തിയ അന്വേഷണ സംഘത്തിന്റെ ആവേശം ചോര്‍ന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയെന്ന സംശയവും ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്.