അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടുന്നതിനിടെ 25 കോൽ ആഴമുള്ള കിണറിൽ വീണു; രക്ഷകരായത് അഗ്നിശമനാ സേന

കാസർകോട്: അറവിനായി കൊണ്ടുവന്ന പോത്ത് കെട്ടഴിച്ചോടി 25 കോൽ ആഴമുള്ള കിണറിൽ വീണു. രക്ഷകരായത് അഗ്നിശമന സേനയും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിദ്യാനഗർ പടുവടുക്കം ഹമീദിന്റെ പറമ്പിലുള്ള ആൾമറയുള്ള കിണറിലാണ് ഓടുന്നതിനിടെ പോത്ത് വീണത്. കിണറിൽ പത്തടി ആഴത്തിൽ വെള്ളവും ഉണ്ടായിരുന്നു. പോത്തിന്റെ ഉടമസ്ഥരായ അബൂബക്കറിന്റെയും ശാബിറിന്റെയും വിവരത്തെ തുടർന്ന് കാസർകോട് അഗ്നിശമന സേന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ രക്ഷാസംഘം എത്തി. അഗ്നിശമനാ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷംനാദും സരൺ സുന്ദരവും കിണറിലിറങ്ങി. പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനവും വൈകി. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രയിൻ ഉപയോഗിച്ച് പോത്തിനെ പുറത്തെടുത്തു. സംഭവത്തെ തുടർന്ന് നാട്ടുകാരും തടിച്ചു കൂടിയിരുന്നു. രക്ഷപ്പെടുത്തിയ പോത്തിനെ ഉടമസ്ഥർക്ക് കൈമാറി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ആർ രഞ്ജിത്ത്, കെ ലിനിൻ, കെ ആർ അജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page