കരിങ്കല്‍ ക്വാറി വാങ്ങുന്നതിനും കൈക്കൂലി; അന്വേഷിക്കാനെത്തിയ റവന്യൂ അണ്ടര്‍ സെക്രട്ടറിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; കൊട്ടാരക്കര തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും താല്‍ക്കാലിക ഡ്രൈവറും സസ്‌പെന്‍ഷനില്‍


കൊല്ലം: കരിങ്കല്‍ ക്വാറി വാങ്ങുന്നതില്‍ കുഴപ്പമില്ലാതെ രേഖകളുണ്ടാക്കിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര തഹസില്‍ദാര്‍ എം കെ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി അനില്‍ കുമാര്‍ താല്‍ക്കാലിക ഡ്രൈവര്‍ ടി മനോജ് എന്നിവരെ സസ്‌പെന്റ് ചെയ്തു.
കൊട്ടാരക്കര താലൂക്കു ഓഫീസില്‍ കരിങ്കല്‍ ക്വാറി ഇടപാടും ഭയാനകമായ തോതിലുള്ള കൈക്കൂലിയും കൊടികുത്തി വാഴുകയാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഒരു ക്വാറി വാങ്ങാനെന്ന വ്യാജേന അന്വേഷണത്തിനെത്തിയ റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയോടാണ് 10 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നു ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മൂവരെയും സസ്‌പെന്റ് ചെയ്തത്. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് റവന്യൂ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. താല്‍ക്കാലിക ഡ്രൈവറെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടാനും താലൂക്ക് ഓഫീസ് ആവശ്യത്തിന് വാടകയ്ക്ക് ഓടുന്ന അയാളുടെ സ്വന്തം വാഹനം ഉടന്‍ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്ക താലൂക്കില്‍ കരിങ്കല്‍ ക്വാറി, മണ്ണുകടത്ത് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയും കൃത്രിമങ്ങളുമാണ് പ്രാധാന പണിയെന്ന പരാതികളെ തുടര്‍ന്നായിരുന്നു അന്വേഷണം. തഹസില്‍ദാര്‍ക്കും ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും വില്ലേജ് ജീവനക്കാര്‍ക്കും കൈക്കൂലി വാങ്ങി നല്‍കുന്നതു താല്‍ക്കാലിക ഡ്രൈവറാണെന്നും സ്ഥിരീകരിച്ചു. ഇതിനു താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സി സി ടി വി പതിയാത്ത സ്ഥലങ്ങളും അടയാളപ്പെടുത്തിയിരുന്നു.
കൊട്ടാരക്കാര കുമ്മിളില്‍ ക്വാറി വാങ്ങുന്ന ആളുടെ ഏജന്റായാണ് അണ്ടര്‍ സെക്രട്ടറി തഹസില്‍ദാരെ കണ്ടത്. ക്വാറി വില്‍ക്കുന്ന ആള്‍ക്കും വാങ്ങുന്ന ആള്‍ക്കും കുഴപ്പമില്ലാത്ത തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊടുക്കാമെന്നും എല്ലാവരെയും സഹായിക്കുന്ന സ്വഭാവമാണ് തന്റേതെന്നും തഹസില്‍ദാര്‍ അണ്ടര്‍ സെക്രട്ടറിയെ അറിയിച്ചു. ഇങ്ങിനെ ചെയ്യുന്നതിനു ചെലവുണ്ടെന്നും അക്കാര്യം താല്‍ക്കാലിക ഡ്രൈവര്‍ പറയുമെന്നും തഹസില്‍ദാര്‍ അണ്ടര്‍ സെക്രട്ടറിയോട് പറഞ്ഞു. താല്‍ക്കാലിക ഡ്രൈവറാണ് ഓരോരുത്തര്‍ക്കുമുള്ള കൈക്കൂലി റേറ്റ് വെളിപ്പെടുത്തിയത്. തഹസില്‍ദാര്‍ക്ക് ഏഴരലക്ഷം, ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് രണ്ടര ലക്ഷം, ഓഫീസിലെ മറ്റു ജീവനക്കാര്‍ക്കും വില്ലേജ് ഓഫീസ് ജീവനക്കാര്‍ക്കുമുള്ള വിഹിതം എന്നിവ ഈ കണക്കിനു പുറമെ നല്‍കണമെന്നും ആവശ്യപ്പെട്ടുവത്രെ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page