മരുന്നു കമ്പനി ഉദ്യോഗസ്ഥന്റെ 85 ലക്ഷം രൂപ തട്ടിപ്പാക്കി; കേന്ദ്ര അന്വേഷണ സംഘമെന്ന പേരില്‍ തട്ടിപ്പ്

ന്യൂഡെല്‍ഹി: സര്‍വ്വീസില്‍ നിന്നു സ്വയം വിരമിച്ച അന്താരാഷ്ട്ര ഫാര്‍മ കമ്പനി അസോ. ജനറല്‍ മാനേജരുടെ ആനുകൂല്യമായി ലഭിച്ച 85 ലക്ഷം രൂപ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥന്മാരെന്നവകാശപ്പെട്ട നാലംഗ സംഘം തട്ടിയെടുത്തു.
പണം രേഖാമൂലവും നിയമ പരവുമാണെന്ന് കണ്ടെത്തിയാല്‍ തിരിച്ചു നല്‍കുമെന്ന ഉറപ്പിലാണ് കൊണ്ടുപോയത്. സി ബി ഐ, കസ്റ്റംസ്, നാര്‍ക്കോട്ടിക്‌സ്, ആദായനികുതി ഉദ്യോഗസ്ഥന്മാരാണെന്നവകാശപ്പെട്ടായിരുന്നു ഇതെന്ന് പണം നഷ്ടപ്പെട്ടയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. വിശാഖ പട്ടണത്തും ഡല്‍ഹിയിലും കേസെടുത്ത് പൊലീസ് അന്വേഷണം തുടരുന്നു. സംഘം പണം ചെക്കുവഴി എടുത്തു ഡല്‍ഹി ഉത്തംനഗറില്‍ എച്ച് ഡി എഫ് സി ബാങ്കിലെ റാണ ഗാര്‍മെന്റ്‌സിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഈ അക്കൗണ്ടില്‍ നിന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 105 അക്കൗണ്ടുകളിലേക്ക് ഈ പണം മാറ്റി. എച്ച് ഡി എഫ് സി ബാങ്കിന്റെ ഉത്തംനഗര്‍ ബ്രാഞ്ചും തട്ടിപ്പിനെതിരെ പൊലീസില്‍ പരാതിപ്പെട്ടു. മകന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് സ്വയം വിരമിക്കലെടുത്തത്. വിശാഖ പട്ടണത്തെ ബാങ്ക് ശാഖാ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാവുമെന്നു നിക്ഷേപകന്‍ സംശയിക്കുന്നു. അല്ലെങ്കില്‍ തന്റെ അക്കൗണ്ട് വിവരവും തനിക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച പണത്തിന്റെ വിവരവും തട്ടിപ്പു സംഘം എങ്ങനെ അറിഞ്ഞെന്ന് അയാള്‍ ആരായുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page