കാസര്‍കോട്: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യുഎല്‍ ഭട്ട് (ഉള്ളാള്‍ ലക്ഷ്മിനാരായണ ഭട്ട്-91) അന്തരിച്ചു. ന്യൂദെല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. ഉള്ളാളില്‍ ജനിച്ചു വളര്‍ന്ന യുഎല്‍ ഭട്ടിന്റെ കുടുംബവീട് കാസര്‍കോട്, ബാങ്ക് റോഡിലാണ്. മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്താഗതിയില്‍ ആകൃഷ്ടനായി. പിന്നീട് മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി. ഈ സമയത്ത് എ.ഐ.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായി.
1954ല്‍ നിയമബിരുദം നേടിയ ശേഷം അതേ വര്‍ഷം തന്നെ മദ്രാസ് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്തു. ഒരു വര്‍ഷം പ്രാക്ടീസ് ചെയ്ത ശേഷം 1956ല്‍ കാസര്‍കോട്ടേക്ക് താമസം മാറ്റി. കാസര്‍കോട് കേന്ദ്രമാക്കി അഭിഭാഷകവൃത്തിയും പൊതുപ്രവര്‍ത്തനവും ആരംഭിച്ചു. 1961ല്‍ കേരള പബ്ലിക് സര്‍വ്വന്റ്സ് കമ്മീഷന്‍ പരീക്ഷയില്‍ മുന്‍സിഫായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആയതിനാല്‍ നിയമനം ലഭിച്ചില്ല. 1968ല്‍ കേരള ഹൈക്കോടതി യുഎല്‍ ഭട്ടിനെ ജില്ലാ സെഷന്‍സ് ജഡ്ജിയായി തെരഞ്ഞെടുത്തു. പിന്നീട് ഹൈക്കോടതി ജഡ്ജിയായും പിന്നീട് കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചു. ഗുവാഹട്ടി, മധ്യപ്രദേശ് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.
വിരമിച്ചതിന് ശേഷം മകന്‍ സൂരജിനൊപ്പം ന്യൂദെല്‍ഹിയിലായിരുന്നു താമസം. കാസര്‍കോട് നഗരസഭ ആകുന്നതിന് മുമ്പ് കാസര്‍കോട് പഞ്ചായത്തിന്റെ അവസാന പ്രസിഡണ്ടായിരുന്നു യു.എല്‍ ഭട്ട്. കാസര്‍കോട്ട് സിപിഐയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീതാഭട്ട്. മറ്റുമക്കള്‍: യു. സുബ്രായഭട്ട്, പരേതയായ സവിതഭട്ട്.
