കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 10 1093 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ വിജയകിരീടം ചൂടിയത്. ആകെ 486801 വോട്ടുകളാണ് ഉണ്ണിത്താൻ ലഭിച്ചത്. അന്തിമ കണക്ക് ലഭിച്ചു വരുന്നതേയുള്ളൂ. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന് 385610 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനിക്ക് 217669 വോട്ടുകളും ലഭിച്ചു. 2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. സി.പി.എം. നേതാവും മുൻ എം.എൽ.എയുമായിരുന്ന കെ.പി. സതീഷ് ചന്ദ്രനായിരുന്നു അന്ന് എതിരാളി. 2019-ൽ ലഭിച്ചതിനെക്കാൾ അറുപതിനായിരത്തിൽ അധികം ഉയർന്ന ഭൂരിപക്ഷത്തിലാണ് ഉണ്ണിത്താന് വിജയിച്ച് വിജയിച്ച കയറിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിൽ മണ്ഡലത്തിൽ കാഴ്ച വെച്ച പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ജനകീയ എം.പി. എന്ന ഖ്യാതി സമ്പാദിച്ചതുമാണ് രാജ്മോഹൻ ഉണ്ണിത്താൻ രണ്ടാം തവണയും സീറ്റു ഉറപ്പിക്കാൻ കഴിഞ്ഞത്.
35 വർഷത്തെ ഇടത് മേൽകോയ്മ തകർത്താണ് 2019-ൽ രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളമുണ്ടായിരുന്നു യു.ഡി.എഫ്. തരംഗത്തിലും സ്ഥാനാർഥി നിർണയ പ്രശ്നവും ഇടതിന് വോട്ട് കുറഞ്ഞുപോയി എന്നാണ് വിലയിരുത്തൽ.
തെക്കു നിന്നും എത്തി വടക്കിന്‍റെ നേതാവായി മാറിയ അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ കിട്ടുന്ന സ്വീകാര്യതയ്ക്കപ്പുറം ജനകീയ ഇടപെടല്‍ കൂടി നടത്തിയ കാര്യങ്ങള്‍ ഈസിയാക്കി. പ്രാദേശിക സംഘടനാ പ്രശ്‌നങ്ങളില്‍ പോലും മുഖംനോക്കാതെ ഇടപെട്ടു. പ്രവര്‍ത്തകരുടെ ശൈലിയും സംഘടനയെ മുന്നോട്ട് കൊണ്ടുപോകുന്നതിലെ പാകപിഴകളും തുറന്നടിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കാസര്‍കോട് ജില്ലയില്‍ സംഘടനയെ ശക്തിപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ പ്രശ്‌നങ്ങളിലുള്ള ഇടപെടലാണ് വിജയ സാധ്യതയ്ക്കു കാരണമായ മറ്റൊരു കാര്യം. എംപിയായതു മുതല്‍ ഇതിനു പ്രധാന്യം നല്‍കി. ചെറുവത്തൂരില്‍ പരുശുറാം എക്‌സ്പ്രസിനു പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്റ്റോപ് അനുവദിച്ചതിനും വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടിയതിനും പിന്നില്‍ ഇടപെടല്‍ നടത്തി.