സൗദി ജയിലിലുള്ള അബ്ദുൽ റഹിം ഉടൻ മോചിതനാവും; അനുരഞ്ജന കരാറിൽ ഒപ്പിട്ടു; ദയാധന ചെക്ക് കൈമാറി

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നുംമോചിപ്പിക്കാൻ കൈകോർത്ത മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു. ഇതോടെ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അനസിന്‍റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പ് വെച്ചത്. ഇരുവിഭാഗവും ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥർ സാക്ഷിയായി കരാറിൽ ഒപ്പ് വെച്ചതോടെ റഹീമിന്‍റെ മോചനം ഉടൻ ഉണ്ടാവും. ഇനി കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കണം. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് നൽകാനുള്ള ദയാധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്. 2006ല്‍ റിയാദിലെത്തിയ അബ്ദുള്‍ റഹീമിന് കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കുന്നതായിരുന്നു ജോലി. കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണം വഴിയാണ് കുട്ടിയ്ക്ക് ആഹാരം നല്‍കിയിരുന്നത്. അബ്ദുള്‍ റഹീം ഷോപ്പിംഗിനായി കുട്ടിയെയും കൊണ്ട് വാനില്‍ പുറത്തുപോകുമ്പോള്‍ അബദ്ധത്തില്‍ കൈ ഉപകരണത്തില്‍ തട്ടിയതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page