ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റതായി പരാതി. സംഭവത്തില്‍ നടിയെയും കാര്‍ ഡ്രൈവറെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാര്‍ട്ടര്‍ റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. നടിയെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. പാര്‍ക്ക് ചെയ്യാനായി റിവേഴ്സ് ചെയ്യുന്നതിനിടെ നടിയുടെ കാര്‍ ഡ്രൈവര്‍ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് നടിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു. കാറില്‍ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങള്‍ ഈ രാത്രി ജയിലില്‍ കിടക്കേണ്ടിവരുമെന്നു പറയുന്നതും ദൃശ്യത്തിലുണ്ട്. നാട്ടുകാര്‍ മര്‍ദ്ദിക്കുമ്പോള്‍ തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്ന് രവീണ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.