കണ്ണിക്കല്‍ വ്യൂപോയിന്റില്‍ തിരിഞ്ഞും മറിഞ്ഞും സെല്‍ഫി; ഒന്നരലക്ഷം രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ 800 അടി താഴ്ചയിലുള്ള കൊക്കയില്‍ വീണു; വീണ്ടെടുത്തത് അഗ്‌നിരക്ഷാസേന

സെല്‍ഫി എടുക്കുന്നതിനിടയില്‍ കയ്യില്‍ നിന്നും വഴുതിപ്പോയെ ഒന്നരലക്ഷം രൂപ വിലയുള്ള മൊബൈല്‍ഫോണ്‍ കൊക്കയില്‍ വീണു. ഒടുവില്‍ സഹായത്തിനെത്തിയത് അഗ്‌നിരക്ഷാസേന. കിടങ്ങൂര്‍ സ്വദേശി ഹരികൃഷ്ണന്റെതാണ് മൊബൈല്‍ഫോണ്‍. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുമ്പോഴാണ് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഫോണ്‍ വീണത്.
താഴെ കല്ലുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ തട്ടിനിന്നത് രക്ഷയായി. എന്നാല്‍, അത്രയും താഴെ ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ഒന്നരലക്ഷത്തോളം രൂപയുടെ ഫോണ്‍ ഉപേക്ഷിച്ചുപോകാനും ഹരികൃഷ്ണന് മനസ്സുവന്നില്ല. ഒടുവില്‍ മൂലമറ്റത്ത് അഗ്‌നിരക്ഷാസേനയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അവര്‍ എത്തുമെന്ന് ആദ്യം പ്രതീക്ഷയുണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ച് അരമണിക്കൂറിനകം തന്നെ സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് കല്ലുകള്‍ക്കിടയിലായിരുന്നു ഫോണ്‍. സേനാംഗം മനു ആന്റണി രണ്ട് വടങ്ങള്‍ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി.
വളരെ സാഹസികമായാണ് മനു ഫോണ്‍ വീണ്ടെടുത്തത്. സഹപ്രവര്‍ത്തകര്‍ ശ്വാസം അടക്കി വടത്തില്‍ പിടിച്ചുനിന്ന് മനുവിനെ ഫോണ്‍ എടുക്കാന്‍ സഹായിച്ചു. എറണാകുളത്ത് വിദ്യാര്‍ഥിയായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമണ്‍ കാണാനെത്തിയതായിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് ഹൃദയപൂര്‍വം നന്ദി പറഞ്ഞ് ഹരികൃഷ്ണനും കൂട്ടുകാരും മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page