കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍(50) ആണ് ജോലിചെയ്തിരുന്ന വീട്ടില്‍ തൂങ്ങി മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധുവിനോടും സുഹൃത്തിനോടും പറഞ്ഞ കാര്യങ്ങളിങ്ങനെ;
കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാന്‍ വെള്ളം മാത്രം, തൊഴിലുടമ മര്‍ദിച്ച് താഴെയിടും.
വിഷമിപ്പിക്കേണ്ടെന്നു കരുതി ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല’ എന്നായിരുന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി 19നാണു ബന്ധുക്കള്‍ക്കു വിവരം കിട്ടിയത്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബംരംഗത്ത് വന്നിരിക്കുകയാണ്. അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അജിതയ്ക്ക് സ്‌പോണ്‍സറായ അറബിവനിതയില്‍നിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭര്‍ത്താവ് വിജയനും മക്കളും പറയുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ പൂട്ടിയിട്ടു. വീട്ടുടമയുടെ മര്‍ദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങള്‍ ഇതെല്ലാം അറിയുന്നത്. ഒപ്പം കുവൈത്തിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്‌നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങള്‍ പറയുന്നത്.
6 മാസം മുന്‍പാണ് വീട്ടിലെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അജിത എറണാകുളത്തെ ഏജന്‍സി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലില്‍ സ്‌പോണ്‍സറുമായി ചില പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമുണ്ടായതായി ഏജന്‍സിയില്‍നിന്ന് അറിയിച്ചിരുന്നു. നാട്ടിലേക്ക് വരനുള്ള തയ്യാറെടുപ്പില്‍ വീട്ടുകാര്‍ മൊബൈല്‍ വാങ്ങിവച്ചുവെന്നും മേയ് 18ന് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതായും അജിത അറിയിച്ചു.
പിന്നീട് വിളിക്കുകയോ സന്ദേശങ്ങള്‍ അയയ്ക്കുകയോ ചെയ്തില്ല. 17ന് അജിത മരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 21ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
സംഭവത്തില്‍ രാഹുല്‍ഗാന്ധിക്കും നോര്‍ക്കയ്ക്കും പരാതിനല്‍കിയിട്ടുണ്ട്. നീതികാത്തുകഴിയുകയാണ് ഈ കുടുംബം.