ഗാനമേളകളിൽ മൂന്ന് പതിറ്റാണ്ടിന്റെ നിത്യസാന്നിധ്യം; കുടുംബശ്രീ ട്രാവൽസ് സിനിമയിലൂടെ പിന്നണി ഗായകനായി; ഗായകൻ ഹരിശ്രീ ജയരാജന് വിട

പിന്നണി ഗായകൻ ഹരിശ്രീ ജയരാജി(54)ന് ജന്മനാടിന്റെ യാത്രാമൊഴി. ആലുവ സ്വദേശിയായ ജയരാജ് ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പുലർച്ചെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കുടിച്ച് കിടന്നുറങ്ങിയ ഹരിശ്രീയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബശ്രീ ട്രാവത്സ്’ ചിത്രത്തിൽ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവർക്കൊപ്പം ‘തപ്പും തകിലടി…’ എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തിയത്.അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ ഒട്ടേറെ മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്. കലാഭവൻ, ഹരിശ്രീ തുടങ്ങി പ്രമുഖ ട്രൂപ്പുകളിലും അംഗമാണ് ഹരിശ്രീ ജയരാജ്. മൂന്ന് പതിറ്റാണ്ടോളമായി സംഗീത മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഹരിശ്രീ, ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു ഹരിശ്രീ ജയരാജ്. വിദേശ രാജ്യങ്ങളിലും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ടിവി ചാനലുകളിലെ സംഗീത പരിപാടികളിലും സ്ഥിര സാന്നിധ്യമായിരുന്നു.
നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജെസി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെസി ഡാനിയേൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മ്യൂസിക് സ്റ്റാർസ് സ്കൂൾ ഓഫ് ആർട്​സ്​ എന്ന പേരിൽ സംഗീത കലാലയത്തിന്‍റെയും സാരഥിയാണ് ഹരിശ്രീ ജയരാജൻ.
അച്ഛൻ: രാധാകൃഷ്ണ പണിക്കർ. മാതാവ്​: നളിനി. ഭാര്യ: രശ്മ‌ി. മകൾ: മീനാക്ഷി (ഡിഗ്രി വിദ്യാർഥിനി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page