കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് രണ്ടു ഓട്ടോകള്‍ക്കു കേടുപാടു സംഭവിച്ചു. ഒരു പെട്ടിക്കട ഭാഗികമായി തകര്‍ന്നു.
ഉപ്പളയിലെ മഞ്ചേശ്വരം താലൂക്കാശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോ പൂര്‍ണ്ണമായി തകര്‍ന്നു. മറ്റൊന്നിനു ഭാഗിക നാശം നേരിട്ടു. അമ്പാറിലെ മൊയ്തീന്റെ ഓട്ടോയാണ് പൂര്‍ണ്ണമായി തകര്‍ന്നത്. പാറക്കട്ടയിലെ അബ്ബാസിന്റെ ഓട്ടോക്കു ചില്ലറ കേടുപാടുണ്ടായി. ദയാനന്ദന്റെ തട്ടുകടക്കും ചില്ലറ നാശം നേരിട്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്.
ഫയര്‍ഫോഴ്‌സ് ക്രെയിന്‍ ഉപയോഗിച്ചു മരം പൊക്കിമാറ്റുകയായിരുന്നു. മഴ താലൂക്കില്‍ കൃഷിക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണം ഇടക്കിടെ തടസ്സപ്പെടുന്നു. ഗതാഗത തടസ്സവുമുണ്ടാവുന്നുണ്ടെന്നു പരാതിയുണ്ട്.