ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ വനിതാ ഡോക്ടർ ഷോക്കേറ്റ് മരിച്ചു. നാമക്കൽ സ്വദേശി ഡോ. ശരണിത (32) ആണ് മരിച്ചത്. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. അയനാവരത്തെ ഹോസ്‌റ്റൽ മുറിയിൽ വച്ചു ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്‌റ്റൽ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോഴാണ് ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരിൽ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. 5 വയസ്സുള്ള കുട്ടിയുണ്ട്. എം.ഡി പഠനത്തിനുശേഷം ഗവൺമെന്റ് മെന്റൽ ആശുപത്രിയിൽ ട്രെയിനിയായി ശനിയാഴ്ച ജോലിക്ക് എത്തിയതായിരുന്നു. തിങ്കളാഴ്ച പരിശീലനം ആരംഭിക്കാനിരിക്കെയാണ് മരണം. നീലഗിരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സേവനം ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംശയത്തെ തുടർന്ന് ഹോസ്റ്റലിലുള്ള മറ്റുള്ളവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
