സംസ്ഥാനത്തെങ്ങും പെരുമഴ വരുന്നു; എറണാകുളത്ത് വെള്ളപ്പൊക്കം, ഗതാഗത തടസം; കോട്ടയത്ത് ഉരുള്‍പൊട്ടല്‍; രണ്ടുജില്ലകളില്‍ റെഡ് അലേര്‍ട്ട്; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

എറണാകുളം: സംസ്ഥാനത്ത് പെരുമഴ രൂപപ്പെടുന്നു. എറണാകുളം ജില്ലയില് വ്യാപകമായി റോഡുകള്‍ വെളളത്തിനടിയിലായി. ഗാതാഗതം തടസപ്പെട്ടു. ഒന്നരമണിക്കൂര്‍ പെയ്തമഴയില്‍ ജില്ലയില്‍ 98 മില്ലീമീറ്റര്‍ മഴപെയ്തതായി കുസാറ്റ് മഴമാപിനിയില്‍ രേഖപ്പെടുത്തി. കളമശ്ശേരി പത്തടിപ്പാലം മ്യൂസിയം നഗറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളകെട്ടില്‍ ഒഴുകിപ്പോകാന്‍ തുടങ്ങിയതോടെ പ്രദേശവാസികളും കയറികെട്ടി വലിച്ച് കയറ്റി.
കളമശ്ശേരിയില്‍ ഏകദേശം 400 ഓളം വീടുകളില്‍ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത് മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ കളമശ്ശേരിയില്‍ തുറന്നു. കളമശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലും, എച്ച്എംടി സ്‌കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് തകര്‍ന്നു. ഈരാട്ടുപേട്ട വാഗമണ്‍ റോഡില്‍ മിണ്ണിടിച്ചലുണ്ടായി. ഈരാറ്റുപേട്ട നടക്കലില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്ത് മണ്ണിടിച്ചലില്‍ രണ്ടുവീടുകള്‍ തകര്‍ന്നു.
അതിശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണവും തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്. കോട്ടയം മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു.ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദേശിച്ചു. കോട്ടയം, എറണാകുളം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടുമുണ്ട്. എല്ലാജില്ലയിലും മഴയുണ്ടെങ്കിലും തെക്കന്‍ ജില്ലകളിലാണ് അതിരൂക്ഷമായ മഴ തുടരുന്നത്. മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് മൂന്നുപേര്‍ മരിച്ചു. കാസര്‍കോട് അരയിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരയി വട്ടത്തോട് ബാക്കോട്ട് ഹൗസിലെ ബികെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ ബികെ മുഹമ്മദ് സിനാന്‍(16) മുങ്ങിമരിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. കൊടുങ്ങല്ലൂരില്‍ ആനാപ്പുഴയില്‍ കാണാതായ ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാവില്‍ക്കടവ് സ്വദേശി പാറെകെട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍(12) ആണ് മരിച്ചത്. ഇന്നലെ രാവിലായാണ് കാണാതായത്. മാവേലിക്കരയില്‍ തെങ്ങ് കടപുഴകി വീണ് അരവിന്ദ്(28) മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.

നാലുദിവസത്തിനുള്ളില്‍ കാലവര്‍ഷം; ജൂണ്‍ ഒന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ

തിരുവനന്തരപുരം; നാലുദിവസത്തിനുള്ളില്‍ സംസ്ഥാത്ത് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി ഏഴുദിവസം ഇടിയും മിന്നലും 40 കിമി വേഗത്തില്‍ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. 28, 29 തിയതികളില്‍ ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ടെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page