താമരശേരി ബസ് ബേക്ക് സമീപം കാറിലെത്തിയ സംഘം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച യാത്രക്കാരനെയും സംഘം മര്‍ദിച്ചു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് അക്രമം നടന്നത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞു.
യാത്രക്കാരനായ സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് അഷ്‌റഫിനാണ് മര്‍ദനമേറ്റത്. താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാള്‍ ബസ്സില്‍ കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റില്ല എന്നു പറഞ്ഞു മടക്കി അയച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആള്‍ പിന്നീട് കാറുമായി എത്തുകയായിരുന്നു. താമരശ്ശേരി ബസ് ബേക്ക് സമീപം ബസിനു മുന്നില്‍ കാറിട്ട് തടഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് ഡ്രൈവര്‍ പറയുന്നത്. ഡ്രൈവറുമായി തര്‍ക്കമുണ്ടായതോടെയാണ് കാറില്‍ എത്തിയവരോട് പ്രശ്‌നമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടത് എന്ന് മര്‍ദനമേറ്റ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. തുടര്‍ന്ന് പ്രകോപിതരായ സംഘം തന്നെ പിടിച്ചു തള്ളിയതായും അടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബസ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് താമരശ്ശേരി എസ്‌ഐ ഷാജിയുടെ നേതൃത്യത്തില്‍ പൊലീസ് സ്ഥലത്തെത്തി. പ്രതികള്‍ എത്തിയ ഡാര്‍ക് ബ്ലൂ സ്വിഫ്റ്റ് കാര്‍ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ താമരശ്ശേരി കാരാടി സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല. പിന്നീട് ബസ് ബംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു
