സിഡ്‌നി: പസഫിക് രാജ്യത്തിന്റെ വടക്കന്‍ പ്രദേശമായ പാപ്പുവ ന്യുഗിനിയ (പി എന്‍ ജി)യില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 2000ത്തിലധികം ആളുകള്‍ മരിച്ചതായി ഭയപ്പെടുന്നു.
മണ്ണിടിച്ചിലിനെത്തുടര്‍ന്നു റോഡുകള്‍ തകര്‍ന്നതിനാല്‍ ദുര്‍ഗ്ഗമമായ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കു തടസ്സം നേരിട്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയും ദേശീയദുരന്ത കേന്ദ്രവും വെളിപ്പെടുത്തി. 150ല്‍പ്പരം വീടുകള്‍ക്കു മുകളില്‍ 8 മീറ്ററിലധികം ഉയരത്തില്‍ മണ്ണ് മൂടിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിപ്പില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനുള്ള നൂതന ഉപകരണങ്ങള്‍ ഇതുവരെ സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്ടറില്‍ വെള്ളവും ഭക്ഷണവും സ്ഥലത്തെത്തിക്കാന്‍ ശ്രമിക്കുന്നു. അപകട സ്ഥലത്തേക്കു പി എന്‍ ജി ദ്രുതഗതിയില്‍ വഴി ഒരുക്കുന്നുണ്ട്.
400 വീടുകളാണ് അപകട സ്ഥലത്തും പരിസരത്തുമായി ഉണ്ടായിരുന്നത്. ഇതില്‍ 150വീടുകളില്‍ എട്ടുമീറ്റര്‍ ഉയരത്തില്‍ മണ്ണു മറിഞ്ഞിട്ടുണ്ട്. ഇതുനീക്കം ചെയ്യാന്‍ ഉപകരണങ്ങളില്ലാതെ രക്ഷപ്പെട്ടവര്‍ വിഷമിക്കുകയാണ്. ഇതിനിടയില്‍ ആറു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സ്ഥലത്തു നിന്നു 1250 പേരെ മാറ്റി പാര്‍പ്പിച്ചു. 250പേര്‍ വീടുവിട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഐക്യരാഷ്ട്രസഭ അഭ്യര്‍ത്ഥിച്ചു.
മണ്ണിടിച്ചില്‍ സമീപ പ്രദേശങ്ങളിലേക്കും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നു ദേശീയ ദുരന്ത കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മാത്രം മണ്ണില്‍ കുടുങ്ങിയ 670ലധികം പേര്‍ മരിച്ചതായി അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
