മലപ്പുറം: ഉച്ചക്കഞ്ഞിയുടെ അരി അടിച്ചു മാറ്റിയ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കു ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. അരി കടത്തല്‍മൂലം സ്‌കൂളിനു 2.88 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി അന്വേഷണ സംഘം കണ്ടെത്തി. ഈ തുക കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു.
മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡി ശ്രീകാന്ത്, കായികാധ്യാപകന്‍ രവീന്ദ്രന്‍, ഉച്ചഭക്ഷണച്ചുമതലയുള്ള ഭവനീഷ്, ഇര്‍ഷാദലി എന്നിവരെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തിരുന്നു. 7737 കിലോ അരിയാണ് ഇവര്‍ കരിഞ്ചന്തയിലേക്കു കടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
