ബംഗളൂരു: പഴ്സില്‍ നിന്നു മോഷണം പോയ 2000 രൂപ തിരികെ ചോദിച്ച വിരോധത്തില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. ബംഗ്ളൂരു, വൃന്ദാവന്‍ ലേഔട്ടിലെ പത്മനാഭനഗര്‍ സ്വദേശിനിയും ബിബിഎ വിദ്യാര്‍ത്ഥിനിയുമായ പ്രബുധ്യ(22)കൊല്ലപ്പെട്ട കേസിലാണ് പ്രതിയെ സുബ്രഹ്‌മണ്യപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 15ന് ആണ് പ്രബുധ്യയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാതാവ് സൗമ്യ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രബുധ്യയുടെ സഹോദരന്റെ സുഹൃത്താണ് കേസില്‍ അറസ്റ്റിലായത്. കുട്ടി സുഹൃത്തിനൊപ്പം പ്രബുധ്യയുടെ വീട്ടില്‍ എത്താറുണ്ട്. ഇതിനിടയില്‍ ഒരു ദിവസം തന്റെ പേഴ്സില്‍ നിന്ന് 2000 രൂപ കാണാതായത് സംബന്ധിച്ച് ചോദിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.