കുണ്ടംകുഴിയില്‍ വീടിന് തീപിടിച്ചു; തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും അഗ്നിക്കിരയായി; കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: കുണ്ടംകുഴി മാവിനകല്ലില്‍ വീടിന് തീപിടിച്ചു. അകത്തുണ്ടായിരുന്ന കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. തൊഴില്‍ യന്ത്രങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും അഗ്നിക്കിരയായി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചേ ഒന്നരയോടെ കൂലിത്തൊഴിലാളിയായ ഹാലോജി റാവുവിന്റെ വീടിനാണ് തീപിടിച്ചത്. പുലര്‍ച്ചേ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗവും വിറക് പുരയും കത്തുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ പരിസരവാസികളെയും നാട്ടുകാരെയും വിവരമറിയിച്ചു. രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീകെടുത്താനായത്. വീടിന്റെ കിടപ്പുമുറിയിലേക്ക് തീപടരും മുമ്പ് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഭാഗ്യം കൊണ്ട് ആളപായം സംഭവിച്ചില്ല. വീടിന്റെ വരാന്തയോട് ചേര്‍ന്ന സ്ഥലത്ത് സൂക്ഷിച്ച ടൈല്‍സ് കട്ടിങ് യന്ത്രം, കാടുവെട്ടുന്ന യന്ത്രം, മരം മുറിക്കുന്ന യന്ത്രം, വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. പാത്രങ്ങളും വസ്ത്രങ്ങളും കത്തി നശിച്ചവയില്‍പെടുന്നു. കൂടാതെ വിറക് പുരയോട് ചേര്‍ന്ന കൂട്ടിലുണ്ടായിരുന്ന കോഴികളും മുയലുകളും ചത്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ വിറക് പുരയിലെ അടുപ്പിലെ തീക്കനല്‍ മൂലമോ ആയിരിക്കാം തീപിടിച്ചതെന്ന് സംശയിക്കുന്നു. ഒരുലക്ഷത്തോളം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നു. രാവിലെ ബേഡകം പൊലീസും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page