അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് സ്മരണ; കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഎം; 22ന് എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി രക്തസാക്ഷി സ്മാരകമന്ദിരം നിര്‍മിച്ച് സിപിഎം. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് സ്മാരകം നിര്‍മിച്ചത്. ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6 നാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്. അവരുടെ ഒന്നാം ചരമവാര്‍ഷികം മുതല്‍ തന്നെ സിപിഎം പ്രദേശത്ത് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിച്ചാണ് രക്തസാക്ഷി മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മരിച്ച സുബീഷും ഷൈജുവും സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page