അധോലോകസംഘം സമാന്തര നിയമ നിര്‍വഹണത്തിലേക്ക്; സംസ്ഥാന തലത്തില്‍ ക്വട്ടേഷന്‍ റജിമെന്റ്

കോഴിക്കോട്: സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും നീതിയും നിയമവും ലഭ്യമാവില്ലെന്ന് ഉറപ്പായതിനാലാണെന്നു പറയുന്നു, സംസ്ഥാനത്തു ക്വട്ടേഷന്‍ റജിമെന്റ് പ്രവര്‍ത്തനമാരംഭിച്ചതായി സൂചന. മലപ്പുറം ജില്ലക്കാരാണ് സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. റജിമെന്റിനു വനിതാംവിംഗുമുണ്ടെന്നു സൂചനയുണ്ട്.
അധോലോക ഇടപാടുകളില്‍ മാത്രമല്ല, ഏതു നിയമ നിഷേധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും സംഘം പെട്ടെന്നു നടപടിയെടുക്കുമെന്നും തങ്ങളെ ഇടപെടുത്തുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന നീതി ഉറപ്പാക്കിക്കൊടുക്കുമെന്നുമാണ് റജിമെന്റിന്റെ ഉറപ്പ്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, വേണ്ടിവന്നാല്‍ അക്രമങ്ങള്‍ എന്നിവയും റജിമെന്റിന്റെ പ്രവര്‍ത്തന മേഖലയിലുണ്ടെന്നാണ് വിവരം. ഇതിനു സംസ്ഥാന വ്യാപകമായി ജില്ലകള്‍ കേന്ദ്രീകരിച്ചു റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
അടുത്തിടെ കാസര്‍കോട് ജില്ലയില്‍ എത്തിയ സംഘം മേധാവികള്‍ ജില്ലയുടെ തെക്കന്‍ മേഖലയില്‍ തങ്ങി 16 പേരെ റജിമെന്റിലേക്കു റിക്രൂട്ട് ചെയ്‌തെന്നു പ്രചരണമുണ്ട്.
കൂടുതല്‍ പൊലീസ് കേസുകളില്‍ കുടുങ്ങിയവര്‍, ജനങ്ങള്‍ക്കു മുന്നില്‍വച്ചു പൊലീസിനോടു കര്‍ക്കശമായി സംസാരിക്കാന്‍ കഴിവുള്ളവര്‍, റജിമെന്റ് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏതു മാര്‍ഗമുപയോഗിച്ചും ഉടന്‍ ചെയ്യാന്‍ സാമര്‍ത്ഥ്യമുള്ളവര്‍ എന്നിവരെയാണ് റിക്രൂട്ട് ചെയ്തതെന്നു പറയുന്നു. റജിമെന്റില്‍ പ്രവര്‍ത്തകര്‍ക്കു പരസ്പരവും തലവന്മാരുമായും സംസാരിക്കാന്‍ സവിശേഷതകളുള്ള ചൈനീസ് ഫോണുകള്‍ കൈമാറിയിട്ടുണ്ടെന്നും സംസാരമുണ്ട്. ഈ സംഘത്തില്‍പ്പെട്ടവര്‍ മെയ് 11നു തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ വീട്ടിലെത്തി കൊലവിളി നടത്തിയിരുന്നുവെന്നു തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ എ പി ടി ബുഷ്‌റ ചന്തേര പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തു കുത്തഴിഞ്ഞു കൊണ്ടിരിക്കുന്ന ആഭ്യന്തര സുരക്ഷാ സംവിധാനം പൂര്‍ണ്ണമായി താറുമാറാകാന്‍ ക്വട്ടേഷന്‍ റജിമെന്റ് ഇടയാക്കിയേക്കുമെന്ന് ഉത്കണ്ഠയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page