Thursday, May 23, 2024
Latest:

പശ മരം

പശ മരം

ഇങ്ങനെ ഒരു മരം എന്റെ തറവാടുവീട്ടുപറമ്പില്‍ ഉണ്ടായിരുന്നു. ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോഴേ പറമ്പിന്റെ ഒരരുകില്‍ ആ മരം കണ്ടിട്ടുണ്ട്. അത് എവിടുന്ന് വന്നുവെന്നോ, അതിന്റെ പ്രത്യേകത എന്തെന്നോ എനിക്കറിയില്ല. കിളയില്‍ നിന്ന് പറമ്പിലേക്ക് കയറി വരാന്‍ ചെത്ത് കല്ല് കൊണ്ട് കലാപരമായി നിര്‍മ്മിച്ച സ്റ്റെപ്പും, ഇരുഭാഗത്തും കല്ല് കെട്ടി ഭദ്രമാക്കിയ ഗേറ്റ് ആയിരുന്നു അത്. ‘കടേക്കാല്’ എന്നാണ് നാടന്‍ ഭാഷയില്‍ ഗേറ്റ് എന്ന ഇംഗ്ലീഷ് പദത്തിന് പകരം ഞങ്ങള്‍ പറയുക. അതിനടുത്താണ് പശമരം ഉണ്ടായിരുന്നത്. കമ്പുകളൊന്നുമില്ലാതെ ഉയരം കൂടിയ ഒറ്റത്തടിയായിരുന്നു. പക്ഷേ മരത്തിന്റെ അറ്റത്ത് ഇലകളും ചെറിയ കമ്പുകളുമുണ്ട്. മരത്തടിയില്‍ നിന്ന് മരത്തൊലി പൊളിഞ്ഞു പോവും. കൂക്കാനത്തു കൂടി കരിവെള്ളൂരും പുത്തൂരുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ് വേണമെന്ന മോഹം ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ക്കുണ്ടായി. എവിടുന്ന് തുടങ്ങണം എന്നാലോചിച്ചു. ഈ ആശയം ആദ്യം മുന്നോട്ടു വെച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. എങ്കില്‍ തുടക്കം എന്റെ പറമ്പിന്റെ അടുത്തു നിന്നാവട്ടെ. കൈക്കോട്ടും കുങ്കോട്ടുമായി കുറേ ചെറുപ്പക്കാര്‍ അതിരാവിലെയെത്തി. എന്റെയും ഗോവിന്ദന്‍ മാഷിന്റെയും ഇരുവശമുള്ള പറമ്പുകളുടെ കയ്യാല ഇടിച്ചു തകര്‍ത്തു. കയ്യാലക്കിരുവശവുമുള്ള മരങ്ങളും ഗേറ്റുകളും തകര്‍ത്തു. അക്കൂട്ടത്തില്‍ ഞങ്ങളുടെ പറമ്പിലുള്ള പശമരവും മുറിച്ചുമാറ്റി. അങ്ങനെ തലമുറയായി കാത്തുവെച്ച പശമരവും നശിച്ചു. ഇന്നും ആ പശമരവും അതു നിന്ന സ്ഥലവും അതില്‍ കുലച്ചു നില്‍ക്കുന്ന പഴുത്ത പശക്കായയും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രദേശത്തൊന്നും ഇത്തരമൊരു മരം കണ്ടിട്ടില്ല. അതിന്റെ വിത്ത് മുളച്ച് ചെറിയ ചെടികളും കണ്ടിട്ടില്ല. ജൂണ്‍-ജൂലായ് മാസങ്ങളിലാണ് കുലകുലയായി പച്ചനിറത്തിലുള്ള കായകള്‍ കാണുന്നത്. രണ്ടു മാസം കഴിയുമ്പോഴെക്കും കായ പഴുത്തു തുടങ്ങും. ഇളം മഞ്ഞനിറമാണ് പഴുത്തുകഴിഞ്ഞ പശക്കായക്ക്. മുന്തിരിക്കുല പോലെ തോന്നും. മുന്തിരി പോലെ തന്നെ അകത്ത് മാര്‍ദ്ദവമുള്ള ഭാഗത്തിനകത്ത് കുരു കാണാം. പഴുത്തു വീഴാറായാല്‍ പശമരത്തിനു താഴെ കുട്ടികളുടെ ബഹളമായിരിക്കും. കയറി പറിക്കാന്‍ പറ്റില്ല. എറിഞ്ഞിടുന്ന കലാപരിപാടിയാണ് നടക്കുക. മുന്തിരി തിന്നുന്നത് പോലെ കുട്ടികള്‍ പശക്കായക്കുള്ളിലുള്ള ഭാഗം വലിച്ചു കുടിക്കും. കടലാസ് ഒട്ടിക്കാന്‍ ഏറ്റവും നല്ലതാണ്. പുസ്തകത്തിന്റെ പൊതി ഒട്ടിക്കാന്‍, കീറിയ ഭാഗം ഒട്ടിച്ചു വെക്കാന്‍ പശക്കായ കൊണ്ട് സാധിക്കും. രാത്രി കാലത്ത് മരത്തിനടിയില്‍ കുറുക്കന്മാരുടെ ഓരിയിടല്‍ കേള്‍ക്കാം. പഴുത്ത പശക്കായ ഭക്ഷിക്കാനാണ് ഇവയുടെ വരവ്. ഇത് കാട്ടുമരമാണോ, നാട്ടുമരമാണോ എന്നൊന്നും അറിയില്ല. എങ്ങനെ ഈ ഒരൊറ്റ മരം പറമ്പില്‍ എത്തിപ്പെട്ടതെന്നും അറിയില്ല. സുഹൃത്തുക്കള്‍ എവിടെയെങ്കിലും പശമരം കണ്ടിട്ടുണ്ടെങ്കില്‍ വിവരം പങ്കുവെക്കണേ. ഞാന്‍ ജനിച്ചതുമുതല്‍ ആ മരം കാണാന്‍ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page