സീരിയല്‍ ഷൂട്ടിങിനിടെ സ്‌കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് ധരിച്ചില്ല; ടിവി പ്രേക്ഷകന്റെ പരാതിയില്‍ ട്രാഫിക് പൊലീസ് നടിക്ക് പിഴ ചുമത്തി

സ്‌കൂട്ടര്‍ യാത്രയുടെ ചിത്രീകരണത്തിനിടെ ഹെല്‍മറ്റ് ധരിക്കാത്തതിന് നടിക്കെതിരെ ടിവി സീരിയല്‍ പ്രേക്ഷകന്‍ പരാതി നല്‍കി. പരാതി അംഗീകരിച്ച ട്രാഫിക് പൊലീസ് നടിക്കും ഇരുചക്രവാഹന ഉടമയ്ക്കും പിഴ ചുമത്തി. ഒരു സ്വകാര്യ ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സീത രാമ’ സീരിയലിന്റെ 14-ാം എപ്പിസോഡില്‍ രണ്ട് സ്ത്രീകള്‍ സ്‌കൂട്ടറില്‍ കയറുന്ന രംഗമുണ്ട്. ഓടിക്കുന്ന ആള്‍ ഹെല്‍മെറ്റ് ധരിച്ചപ്പോള്‍, പിറകിലിരുന്ന നടി സുരക്ഷാ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഈ രംഗം ടിവിയില്‍ കണ്ട ജയപ്രകാശ് യെക്കൂര്‍ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ടിവി ഷോകളില്‍ നടന്മാരും നടിമാരും നടത്തുന്ന നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അതിനാല്‍, സീരിയലിന്റെ സംവിധായകന്‍ക്കെതിരെയും രംഗം സംപ്രേഷണം ചെയ്യുന്ന ടിവി ചാനലിനെതിരെയും ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ജയപ്രകാശിന്റെ പരാതി.
സിറ്റി പൊലീസ് കമ്മീഷണര്‍ ഈസ്റ്റ് ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഇരുചക്രവാഹന ഉടമയ്ക്കും സീരിയലിന്റെ ഡയറക്ടര്‍ക്കും ട്രാഫിക് പോലീസ് അതോറിറ്റി നോട്ടീസ് അയച്ചു. അതേസമയം ബംഗളൂരുവിലെ നന്ദിനി ലേഔട്ടിലാണ് ഈ രംഗം ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തി സീരിയലുമായി ബന്ധപ്പെട്ടവര്‍ മറുപടി നല്‍കി. ഇതേ തുടര്‍ന്ന് നന്ദിനി ലേഔട്ട് അധികാരപരിധിയില്‍ വരുന്ന ബംഗളൂരു രാജാജിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി. മെയ് 10 ന് രാജാജിനഗര്‍ ട്രാഫിക് പൊലീസ് നടിക്കും ഇരുചക്രവാഹന ഉടമയ്ക്കും 500 രൂപ വീതം പിഴ ചുമത്തി. കൂടാതെ, ഭാവി സീനുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് സീരിയലിന്റെ സംവിധായകനില്‍ നിന്ന് പൊലീസ് രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page