കാസര്‍കോട്: കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പ്രതിശ്രുത വരന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിശ്രുത വധു കല്യാണത്തില്‍ നിന്ന് പിന്മാറി. ഈ മാസം നടത്താന്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നാണ് വധു പിന്മാറിയത്. ബാങ്കു ജീവനക്കാരിയും നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയുമാണ് 35 കാരിയായ പ്രതിശ്രുത വധു. ഈ യുവതിയും കണ്ണൂര്‍, കക്കാട് സ്വദേശിയും തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ 38കാരനും തമ്മിലുള്ള വിവാഹം ഈ മാസം നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് പ്രതിശ്രുത വരന് ഒരു കാമുകിയുണ്ടെന്ന വിവരം യുവതി അറിഞ്ഞത്. ഇക്കാര്യത്തില്‍ ഒരു തീരുമാനമാകാതെ കല്യാണത്തിന് ഒരുക്കമല്ലെന്ന് യുവതി വീട്ടുകാരെ അറിയിച്ചു. ഇത് സംബന്ധിച്ച് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്‍ ഇരു വീട്ടുകാരെയും പ്രതിശ്രുത വരനെയും വധുവിനെയും ശനിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിശ്രുത വരന്‍ തനിക്ക് കാമുകിയുണ്ടെന്നും അവരെ പിരിയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിശ്രുത വധുവും നിലപാട് കടുപ്പിച്ചതോടെയാണ് തീരുമാനിച്ചുറപ്പിച്ച കല്യാണത്തില്‍ നിന്ന് പിന്മാറാന്‍ ഇരുകൂട്ടരും ധാരണയായത്.
