പ്രതിശ്രുതവധുവിന്റെ അറുത്തെടുത്ത തലയുമായി കടന്ന യുവാവ് അറസ്റ്റില്‍; തല കണ്ടെത്താന്‍ അന്വേഷണം

മംഗ്ളൂരു: വിവാഹം മുടങ്ങിയതിന്റെ നിരാശയില്‍ 16കാരിയെ കഴുത്തറുത്തു കൊന്ന് തലയുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. സോമവാര്‍പേട്ട, ഹമ്മിയില ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെയാണ് സോമവാര്‍പേട്ട പൊലീസ് ശനിയാഴ്ച രാവിലെ വനത്തിനകത്ത് നിന്ന് പിടികൂടിയത്. ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലാണ് സോമവാര്‍പേട്ട, സുര്‍ലബ്ബിയിലെ സുബ്രമണിയുടെ മകള്‍ യു.എസ് മീന(16)ദാരുണമായി കൊല്ലപ്പെട്ടത്. ജീപ്പില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രകാശ് മാതാപിതാക്കളെ അക്രമിക്കുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. തുടര്‍ന്ന് മീനയുടെ കഴുത്തറുത്ത ശേഷം പ്രകാശ് തലയുമായി സമീപത്തെ വനത്തിലേക്ക് രക്ഷപ്പെട്ടു. പിന്നീട് പ്രകാശിനെ കാട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയാതിരുന്ന പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് പ്രകാശിനെ കാട്ടിനകത്ത് ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട മീനയും പ്രകാശും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം ഇരുവീട്ടുകാരും ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ശിശുക്ഷേമ വകുപ്പിനെ അറിയിച്ചു. തുടര്‍ന്നുണ്ടായ ഇടപെടലില്‍ നേരത്തെ നിശ്ചയിച്ചിരുന്ന കല്യാണം മാറ്റി വെച്ചു. ഇതിലുണ്ടായ നിരാശയാണ് മീനയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്ത് വന്ന ദിവസം തന്നെയാണ് മീന അതിദാരുണമായി കൊല്ലപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page