വിവാഹനാളിൽ വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് മുടങ്ങിയ വിവാഹം, മധ്യസ്ഥർ ഇടപെട്ടതിനെത്തുടർന്ന് ബുധനാഴ്ച നടന്നു. ഏപ്രിൽ 15-ന് തടിയൂരിന് സമീപത്തെപള്ളിയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. തടിയൂർ സ്വദേശിയായ പ്രവാസി യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് അന്ന് നടക്കേണ്ടിയിരുന്നത്. എന്നാൽ വരൻ മദ്യത്തിനടിമയല്ലെന്നും അബദ്ധം പറ്റിയതാണെന്നും മനസ്സിലായതിനെത്തുടർന്ന് പെൺകുട്ടിയും വീട്ടുകാരും കല്യാണം നടത്താൻ സമ്മതിക്കുകയായിരുന്നു. സംഭവം വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.
വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ വരനെ കല്യാണ വേഷത്തിൽ തന്നെ പെ പൊലീസ് അന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞതോടെ വിവാഹം മുടങ്ങുകയായിരുന്നു.
മൂക്കറ്റം മദ്യപിച്ച് പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്ന് പുറത്തിറങ്ങാൻ പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടും മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർക്കും മനസ്സുമാറ്റി.
വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞതോടെ കടുത്ത മദ്യപാനി ആണെന്ന് വധുവിന്റെ ബന്ധുക്കൾ വിശ്വസിക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
