പണം നല്‍കാത്തതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരപീഡനം. കുട്ടിയെ അതിക്രൂരമായി മര്‍ദിച്ച സംഘം തലമുടി കത്തിക്കുകയും നഗ്‌നനാക്കിയശേഷം ജനനേന്ദ്രിയത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കുകയും ചെയ്തു. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തു വന്നതോടെ സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിനുള്ള പ്രേരണയ്ക്ക് ഇടയായ സാഹചര്യവും, സഹായത്തിനായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരെയും ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രില്‍ ഇരുപതിനായിരുന്നു സംഭവം നടന്നത്.
നഗരത്തിലെ കകാഡിയോ ഏരിയയിലെ നീറ്റ് പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികളാണ് റാഗ് ചെയ്തത്. സെന്ററിന് സമീപത്തുള്ള ഒരു ഹോസ്റ്റലിലാണ് ഇവര്‍ താമസിച്ചിരുന്നത്. മര്‍ദ്ദനമേറ്റ കുട്ടി അറസ്റ്റിലായ രണ്ടുപേരില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിതിനു വേണ്ടി ഇരുപതിനായിരം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാത്തതിന്റെ പേരിലായിരുന്നു കൊടുംക്രൂരത നടന്നത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കടം വാങ്ങിയത് ശരിയാണെന്നും ജോലി കിട്ടിയശേഷം തിരികെ നല്‍കാമെന്നാണ് പറഞ്ഞതെന്നുമാണ് മര്‍ദ്ദനമേറ്റ കുട്ടി പറയുന്നത്. പീഡനത്തിനിടയില്‍ കൈകുപ്പിക്കൊണ്ട് ഇത് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതൊന്നും കേട്ടതായിപ്പോലും നടിക്കാതെയായിരുന്നു വീണ്ടും ക്രൂരപീഡനം നടന്നത്. മര്‍ദ്ദനമേറ്റ് അവശനായതോടെ പ്രതികള്‍ കുട്ടിയെ വിട്ടയച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം കിട്ടാതെ വന്നതോടെയാണ് പ്രതികള്‍ വീഡിയോ പുറത്തുവിട്ടത്. പീഡിപ്പിക്കാന്‍ മുന്നില്‍ നിന്ന തനായ് ചൗരസ്യ, അഭിഷേക് വര്‍മ, യോഗേഷ് വിശ്വകര്‍മ, സഞ്ജീവ് കുമാര്‍ യാദവ്, ഹര്‍ ഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ശേഷിക്കുന്നവരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.
