നവജാതശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; പൊലീസ് തെരയുന്ന നര്‍ത്തകന്‍ ആര്?

കൊച്ചി: പനമ്പള്ളിനഗര്‍, വിദ്യാനഗറിലെ ഫ്‌ളാറ്റില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്. അതിനുശേഷമാണ് മൃതദേഹം കവറില്‍ പൊതിഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതെന്ന വിവരവും പുറത്ത് വന്നു. യുവതി തന്നെയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെയാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്. ശുചിമുറിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞ് ജനിച്ചയുടന്‍ വായില്‍ തുണി തിരുകുകയും കഴുത്തില്‍ ഷാളിട്ട് മുറുക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു യുവതി ആദ്യം കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ മാതാവ് വാതിലില്‍ മുട്ടിയതോടെ എല്ലാ പദ്ധതികളും പൊളിഞ്ഞുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം കവറിലാക്കി ഫ്‌ളാറ്റില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.
ഗര്‍ഭച്ഛിദ്രത്തിന് യുവതി നേരത്തെ ശ്രമിച്ചുവെങ്കിലും അത് ലക്ഷ്യം കണ്ടില്ലെന്നും മൊഴിയിലുണ്ട്.
അതേ സമയം യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ആരാണെന്ന് വ്യക്തമല്ല. തൃശൂര്‍ സ്വദേശിയായ ഒരു നര്‍ത്തകനാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത നര്‍ത്തകനെതിരെ യുവതി മൊഴിയൊന്നും നല്‍കാത്തത് പൊലീസിന് തലവേദനയായിട്ടുണ്ട്. ഇക്കാര്യത്തിലുള്ള കുരുക്ക് അഴിക്കുന്നതിന് യുവതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ നര്‍ത്തകന്‍ ബിരുദാനന്തര ബിരുദധാരിയാണെന്നും പ്രശസ്ത നര്‍ത്തകനാണെന്നും യുവതിക്കും നൃത്തത്തില്‍ താല്‍പര്യം ഉണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page