മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം; ഒരു ദിവസം 80000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ല. ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. എല്ലാദിവസവും ബുക്കിങ് 80,000 പേർക്ക് മാത്രം. നേരത്തെ ഇത് 90,000 ആയിരുന്നു. തിരക്ക് കുറക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനുമാണ് പുതിയ ക്രമീകരണമെന്ന് ബോര്‍ഡ് അറിയിച്ചു. മൂന്ന് മാസം മുമ്പ് ഓണ്‍ലൈനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനായുള്ള സൗകര്യം ഏര്‍പ്പെടുത്തും. ശബരിമലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ പഴികേട്ട സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അടക്കം യോഗത്തിലാണ് തീരുമാനം.
സ്‌പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദര്‍ശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങിന് വരുത്തണോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാകൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page