പതിനെട്ടു വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറെന്ന് മരണപ്പെട്ട കുട്ടിയുടെ കുടുംബം അറിയിച്ചു. ഇക്കാര്യം വാദിഭാഗം അഭിഭാഷകൻ മുഖാന്തരം കുട്ടിയുടെ ഉമ്മയും ബന്ധുക്കളും സൗദിയിലെ കോടതിയെ അറിയിച്ചു. കോടതി ഇത് ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റഹീം നിയമസഹായസമിതി അംഗങ്ങൾ പറയുന്നു. മാപ്പപേക്ഷ തേടി പ്രതിഭാഗം വക്കീൽ കോടതിയിൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് വാദിഭാഗമായ മരിച്ച സൗദി ബാലൻ അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി വിളിച്ചു. കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും, തുടര്‍ന്ന് കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചെന്നും വ്യക്തമാക്കി വധ ശിക്ഷ റദ്ദ് ചെയ്യാൻ, ഏപ്രിൽ 15 ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കോടതിയിൽ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തി ന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.
ദിയാധനം സ്വീകരിക്കുന്നതിന് കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം സൗദി കോടതി നൽകണം. ഇതിനുശേഷം ദിയാധനം സ്വീകരിക്കാനായി അക്കൗണ്ട് തുറക്കുന്നതിനുള്ള സാങ്കേതികത്വംകൂടി മറികടന്നാൽ പണം ഇന്ത്യൻ എംബസി വഴി ട്രാൻസ്ഫർ ചെയ്യാനാവും. അതേസമയം സമാഹരിച്ച തുക ഇതുവരെ വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടില്ല. നടപടിക്രമങ്ങൾ തുടരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
നാട്ടിലെ ഐ.സി.ഐ.സി.ഐ., ഫെഡറൽ എന്നീ രണ്ട് ബാങ്കുകളിലായാണ് റഹീമിനായി സമാഹരിച്ച തുകയുള്ളത്.
സ്പോൺസറുടെ അക്കൗണ്ടിൽ അയക്കുന്നതിന് ബദലായി പണം കോടതിയിലോ ഗവർണറേറ്റിലോ ചെക്കായി നൽകുന്ന പതിവുമുണ്ട്. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ച് ഇന്ത്യൻ എംബസി പ്രവർത്തിക്കും. പണം എങ്ങനെയാണ് കൈമാറേണ്ടതെന്ന് അടുത്ത സിറ്റിങ്ങിൽ കോടതി നിർദേശിക്കുമെന്നാണ് നിയമസഹായ സമിതി പ്രതീക്ഷിക്കുന്നത്. അതിനുശേഷം റിവ്യൂ ഹർജി ഫയൽ ചെയ്ത് വധശിക്ഷ ഒഴിവാക്കുന്ന നടപടികളിലെക്ക് കടക്കും. സ്പോൺസറുടെ കുടുംബം മാപ്പു നൽകാമെന്ന് അറിയിച്ചതോടെ മോചനത്തിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.
സമാഹരിച്ച തുകയുടെ സമ്പൂർണ ഓഡിറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. ധനസമാഹരണയജ്ഞത്തിലൂടെ ലഭിച്ച തുകയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ സമിതി അറിയിക്കും.