മുതിർന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഏപ്രിൽ 28നു പുലർച്ചെ ശാരീരിക അസ്വസ്‌ഥതയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം,ജില്ലാ പ്രസിഡൻ്റ്, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ക്ലേ ആൻ്റ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 2021 ൽ എരിപുരത്ത് നടന്ന സിപിഎം ജില്ല സമ്മേളനത്തിൽ വെച്ച് ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. നിലവിൽ മാടായി ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു. കണ്ണൂർ ജില്ലയിൽ സി പിഎമ്മിനെ വളർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നേതാവാണ് ഒ വി നാരായണൻ. അടിയന്തരാവസ്ഥയിലും, ഉൾപാർട്ടി പ്രതിസന്ധികളിലും ജില്ലയിലെ പാർട്ടിയെ ഒരു പോറലും ഏൽക്കാതെ സംരക്ഷിക്കുന്നതിൽ ഒ വി നാരായണൻ കാണിച്ച ധീരതയും സംഘടനാ വൈഭവം ശ്രദ്ധേയമാണ്.
ഏഴോം ഓലക്കൽ തറവാട്ടിൽ 1939 ജൂൺ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയർ എലിമെൻ്ററി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ) ഇ എസ് എൽ സി പാസായി. ദാരിദ്ര്യമൂലം തുടർപഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയിൽ തൊഴിലാളിയായി. നാട്ടിൽ മടങ്ങിയെത്തി കർഷക തൊഴിലാളിയായി. 1959 വരെ ഈ തൊഴിലിൽ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് – കർഷകസംഘം നേതാക്കളായ ടി. പി,പി വി അപ്പക്കുട്ടി, പയ്യരട്ട രാമൻ, പരിയാരം കിട്ടേട്ടൻ, കാക്കാമണി കുഞ്ഞിക്കണ്ണൻ, എന്നിവർക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1958 ൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായി. സാധാരണ പാർടിയംഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി ഉയർന്നു. സംഘാടകൻ, സഹകാരി, ഭരണകർത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. കാർഷിക ഗ്രാമമായ ഏഴോത്തെ കൃഷിക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച ഒ വി കർഷക സംഘത്തിൻ്റെ ജില്ലാ പ്രസിഡൻ്റായി 16 വർഷം പ്രവർത്തിച്ചു. . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച ഘട്ടത്തിൽ കാർഷിക മേഖലയിലടക്കം നടപ്പാക്കിയ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി. സി പി ഐ എമ്മിൻ്റെ ജില്ലയിലെ പ്രധാന നേതാവെന്ന നിലയിൽ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയിൽ മിസാ പ്രകാരം അറസ്റ്റു ചെയ്ത് ജയിലടച്ചു. രണ്ടു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച കാലയളവിൽ ജില്ലയിലെ വിദ്യാഭ്യാസ മികവിന് അടിത്തറ പാകി. ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി. നാരായണൻ്റെ വിയോഗത്തിൽ സി പി. എം. മാടായി ഏരിയ കമ്മിറ്റി ആഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഭാര്യ: പി എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്). മക്കൾ: മധു ( ദിനേശ് ഐ ടി കണ്ണൂർ), മഞ്ജുള, മല്ലിക. മരുമക്കൾ: ബ്രിഗേഡിയർ ടി വി പ്രദീപ് കുമാർ, കെ വി ഉണ്ണികൃഷ്ണൻ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി ഒ വി. ദേവി.
വ്യാഴാഴ്ച രാവിലെ 9മണിക്ക് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേ ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിക്കും. ഏഴോം ലോക്കൽ കമ്മിറ്റി ഓഫീസിൽ 2 മണിവരെയും പൊതു ദർശ്നത്തിന് വെക്കും. 2 മണിക്കൂശേഷം വീട്ടിൽ എത്തിക്കുന്ന ഭൗതീക ദേഹം 3.30 ന് ഏഴോം പൊതു ശ്മശാനത്തിൽ സംസ്‌കരിക്കും . 4 മണിക്ക് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.
