തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ രണ്ടു താമരകള്‍ വിരിയുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എല്‍ഡിഎഫ് ആറും യുഡിഎഫ് ആറും സീറ്റുകള്‍ നേടുമെന്ന് സ്റ്റേറ്റ് ഇന്റലിജന്‍സ്; കാസര്‍കോട്ട് നേരിയ മുന്‍തൂക്കം എം.വിയ്ക്ക്. സംസ്ഥാനത്ത് എത്ര സീറ്റുകള്‍ കിട്ടുമെന്ന ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി തുടരുന്നിതിനിടയിലാണ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നത്. സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ പ്രധാന ഭാഗം. തൃശൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ സീറ്റുകളിലാണ് ബിജെപിക്ക് വിജയസാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു സീറ്റുകളില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേ സമയം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. 20 സീറ്റുകളില്‍ 14 ഇടങ്ങളില്‍ യുഡിഎഫും ആറിടങ്ങളില്‍ ഇടത് മുന്നണിയും വിജയിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 15000ല്‍ താഴെ ഭൂരിപക്ഷം നേടി ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കാസര്‍കോട്ടെ പാര്‍ട്ടി ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ്.
