പ്രചരണ രംഗത്തെ ചൂടും ആവേശവും അതിലും ശക്തമായി വോട്ടിംഗിലും

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോളിംഗ് തുടരുന്നു.
രാവിലെ ഏഴുമണിക്ക് വോട്ടിംഗ് ആരംഭിച്ചതിനു വരെ മുമ്പു തന്നെ മിക്ക ബൂത്തിലും വന്‍ ക്യൂ പ്രകടമായിരുന്നു. ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളില്‍ ശരാശരി 12 ശതമാനത്തോളം സമ്മതിദായകര്‍ വോട്ടവകാശം വിനിയോഗിച്ചു. കനത്ത ചൂടിനു മുമ്പ് വോട്ടു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സമ്മതിദായകര്‍. സൂര്യതാപത്തില്‍ നിന്ന് വോട്ടര്‍മാരെ സഹായിക്കാന്‍ മിക്ക ബൂത്തുകളിലും പന്തലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൃദ്ധരായ വോട്ടര്‍മാര്‍ക്കും വിശിഷ്ടാംഗര്‍ക്കും ട്രാന്‍സ്‌ജെന്റര്‍മാര്‍ക്കും ബൂത്തുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിഷ്പക്ഷവും സമാധാനപരവുമായി വോട്ടു ചെയ്യുന്നതിനു കേന്ദ്രസേനയുള്‍പ്പെടെ കനത്ത സുരക്ഷാ സന്നാഹം എല്ലാ ബൂത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യഷാപ്പുകള്‍ 26നു വൈകിട്ടുവരെ അടച്ചു.
സൂര്യതാപത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ പി എച്ച് സി കളും സി എച്ച് സി കളും റൂറല്‍ ഡിസ്‌പെന്‍സറികളും ഇന്നു രാത്രി എട്ടുമണിവരെ പ്രവര്‍ത്തിക്കും. 24 വൈകിട്ടു ജില്ലയില്‍ പ്രാബല്യത്തില്‍ വരുത്തിയ 144 27ന് വൈകിട്ട് ആറുമണിവരെ തുടരും.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 9 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇടതു- വലതു മുന്നണികളും എന്‍ ഡി എയും തമ്മിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണത്തിന്റെ ചൂടും ആവേശവും ഇന്നു നടക്കുന്ന വോട്ടിംഗിലും പ്രകടമാണ്.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,52,230 വോട്ടര്‍ മാരാണുള്ളത്. വോട്ടര്‍മാരില്‍ കൂടുതല്‍ വനിതകളാണ്. പുരുഷ വോട്ടര്‍മാരെക്കാള്‍ 50740 വനിതാ വോട്ടര്‍മാര്‍ കൂടുതലുണ്ട്.
32,827 കന്നി വോട്ടര്‍മാരും 4934 പ്രവാസി വോട്ടര്‍മാരും ഉണ്ട്. മണ്ഡലത്തില്‍ 1334 ബൂത്തുകളാണുള്ളത്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ്-205. ഏറ്റവും കുറവ് കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലും-170. ജില്ലയില്‍ സ്ത്രീകള്‍ നിയന്ത്രിക്കുന്ന അഞ്ചു മാതൃകാ ബൂത്തുകളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page