കഞ്ചിക്കട്ട പാലം അടച്ചിട്ട നടപടി; ബദൽ സംവിധാനം ഒരുക്കിയില്ലെങ്കിൽ സമരമെന്ന് ആക്ഷൻ കമ്മിറ്റി

കാസർകോട്: കഞ്ചിക്കട്ട പാലം അടച്ചിട്ടതിനാൽ ബദൽ സംവിധാനം ഒരുക്കണമെന്ന് ആക്ഷൻകമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകിട്ട് പ്രദേശത്തെ 200 ഓളം ആളുകൾ ചേർന്ന് കർമ്മസമിതിക്ക് രൂപം നൽകി.ബലക്ഷയം മൂലം തകർന്നിരിക്കുന്ന പാലത്തിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഇതുവരെ പാലത്തിന്റെ അറ്റകുറ്റപ്പണികളും പുനനിർമാണവും തുടങ്ങിയില്ല.
കുമ്പള പഞ്ചായത്തിലെ കുണ്ടാപ്പ്, താഴെ കൊടിയമ്മ, ആരിക്കാടി, ഛത്രപള്ളം, ചൂരിത്തടുക്ക, കഞ്ചിക്കട്ട, മളി എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിനു യാത്രക്കാർ ഉപയോഗിക്കുന്ന പാലമാണിത്. ആരിക്കാടി,കൊടിയമ്മ എന്നീ പ്രദേശങ്ങളിലുള്ളവർക്കു കുമ്പള ടൗണിൽ എളുപ്പത്തിൽ എത്തുന്ന വഴി കൂടിയാണിത്. നാലുമാസം മുമ്പ് ജില്ലാ കളക്ടർ ഇതുവഴി ഗതാഗതം നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കി ബോർഡ് സ്ഥാപിച്ചിരുന്നു. മാർച്ച് മാസം പരീക്ഷകൾ നടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ താൽക്കാലിക അനുവാദം നൽകിയിരുന്നു. എന്നാൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പ് പാലം കോൺക്രീറ്റ് കൊണ്ട് പൂർണ്ണമായി അടച്ചു. ഇതോടെ ജനങ്ങൾക്ക് ഇത് ഇരട്ടി ദുരിതമായി. പാലത്തിനായി നിരവധി തുക നീക്കിവെച്ചതല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. പുഴയിൽ വെള്ളം കുറവായതിനാൽ മണ്ണിട്ട് താൽക്കാലിക സംവിധാനം ഒരുക്കണമെന്നാണ് കർമ്മ സമിതി പറയുന്നത്. അല്ലെങ്കിൽ കുമ്പള പഞ്ചായത്തിന് മുന്നിലും കളക്ടറേറ്റിനു മുന്നിലും പ്രതിഷേധ സമരങ്ങൾ നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ആക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി ഹനീഫ് മളിയെയും, പ്രസിഡണ്ടായി യോഗേഷ് ഭട്ടിനെയും, ജനറൽ സെക്രട്ടറിയായി അബ്ദുൽ റഹ്മാനെയും തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ടുമാർ: ഗംഗാധര, മുസ്തഫ. ജോയിൻ സെക്രട്ടറിമാർ: രമേഷ് റായി, ലത്തീഫ് കൊടിയമ്മ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page