ഒട്ടകത്തിന് തീറ്റയായി തിന്നാന്‍ കൊടുത്തത് 500 റിയാല്‍ കറന്‍സി; വിഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്

ഒട്ടകത്തിന് തിന്നാന്‍ തീറ്റയായി കൊടുത്തത് 500 റിയാല്‍ കറന്‍സി. നോട്ട് നല്‍കിയെന്ന കേസില്‍ സൗദി പൗരന്‍ അറസ്റ്റിലായി. നോട്ട് റൊട്ടിക്കൊപ്പം ഒട്ടകത്തിന്റെ വായില്‍ വച്ചുകൊടുക്കുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ പ്രതിഷേധത്തിന് കാരണമായി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ ഇയാളെ കണ്ടെത്തി പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിയാദിന്റെ വടക്ക് കിഴക്ക് അല്‍ ദവാദ്മി ഗവര്‍ണറേറ്റില്‍ വെച്ചാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജ്യത്തിന്റെ കറന്‍സി നോട്ട് മനപ്പൂര്‍വം കേടുവരുത്തുകയും നിയമവിരുദ്ധമായ പ്രവൃത്തി വീഡിയോ ക്ലിപ്പിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന് കുറ്റത്തിനാണ് സൗദി പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ 500 റിയാലിന്റെ കറന്‍സി ഒട്ടകത്തിന് തിന്നാല്‍ കൊടുത്തതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്നു വ്യക്തമല്ല. സൗദി നിയമപ്രകാരം, കറന്‍സി നോട്ടുകള്‍ കീറുകയോ അവയുടെ സവിശേഷതകള്‍ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്താല്‍ പരമാവധി അഞ്ച് വര്‍ഷം വരെ തടവും 10,000 റിയാല്‍ വരെ പിഴയും ലഭിക്കും. അറസ്റ്റിലായ ഇയാളെ നടപടിക്രമങ്ങള്‍ക്കു ശേഷം വിചാരണ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page