ആശ്വാസവാർത്ത എത്തി; ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ എംഎസ്‌സി ഏരീസിലെ മലയാളി യുവതി നാട്ടിലെത്തി. ആന്‍ കൊച്ചിയില്‍ വിമാനമിറങ്ങിയ ചിത്രം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പങ്കുവച്ചു. അതേസമയം ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോര്‍മൂസ് കടലിടുക്കില്‍വച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡോകള്‍ ഇസ്രയേല്‍ ശതകോടീശ്വരന്‍റെ ചരക്കുകപ്പല്‍ തടഞ്ഞവച്ച് ജീവനക്കാരെ ബന്ദികളാക്കിയത്. നാല് മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്നു ഡെക് കേഡറ്റായ തൃശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫ്.
കൊച്ചിയില്‍ വിമാനമിറങ്ങിയ ആനിനെ റീജനല്‍ പാസ്പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കപ്പലില്‍ ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലിലുള്ളവരെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രിയെ എസ്.ജയശങ്കര്‍ ഫോണില്‍ വിളിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page