ലോക്സഭ തിരഞ്ഞെടുപ്പ്; വീട്ടില്‍ വോട്ട് നാളെ മുതല്‍

കാസർകോട്: ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാര്‍ക്കുള്ള വീട്ടില്‍ വോട്ട് (ഹോം വോട്ടിംഗ്) സംവിധാനത്തിന് ജില്ലയില്‍ ഏപ്രില്‍ 18ന് തുടക്കമാകും. ഏപ്രില്‍ 18, 19, 20, 21, 22, 23 തീയതികളിലായാണ് വീട്ടില്‍ വോട്ടിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കാസർകോട് ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 3687 പേര്‍, 85 വയസ്സിനു മുകളിലുള്ള 5467 പേരുള്‍പ്പെടെ 9154 പേരാണ് വീട്ടില്‍ വോട്ടിന് അര്‍ഹരായിട്ടുള്ളത്.
മൈക്രോ ഒബ്‌സര്‍വര്‍, രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ്, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ വീടുകള്‍ സന്ദര്‍ശിച്ചാണ് വോട്ട് രേഖപ്പെടുത്തുക. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്‍പ്പാടാക്കുന്നതിന് വോട്ടര്‍മാരുടെ ലിസ്റ്റും, വോട്ടിംഗ് നടക്കുന്ന ദിവസവും, ഓരോ ദിവസത്തെയും പോളിംഗ് ഉദ്യോഗസ്ഥരുടെ മൈക്രോ പ്ലാനും സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി ഓരോ ടീമിലും രണ്ട് പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 158 ടീമുകളാണ് അസന്നിഹിത (ആബ്സന്റീ) വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ട്. വീട്ടുകളില്‍ വോട്ട് ചെയ്യുമ്പോള്‍ അറിയിപ്പ് നല്‍കി എത്തിക്കേണ്ടത് സ്ഥാനാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page