Thursday, June 13, 2024
Latest:

ഇലക്ഷന്‍ കുട്ടിക്കളിയോ?

നാരായണന്‍ പേരിയ

”ഓരോ വോട്ടും…പെട്ടിക്ക്.
”പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍, ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍…പെട്ടി മറക്കരുതേ! -അതെല്ലാം മാറി. ഇപ്പോള്‍ പെട്ടിയുമില്ല, ബാലറ്റ് പേപ്പറുമില്ല; ഇ.വി.എം-ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഇവിടെയും നടപ്പിലായില്ലേ?
മെഷീന്‍ ആദ്യം ഉപയോഗിച്ചത് (ഇന്ത്യയില്‍)കേരളത്തിലാണ്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍. പറവൂരിലെ അമ്പത് ബൂത്തുകളില്‍. പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.സി ജോസ് കേസ് കൊടുത്തു. മെഷീന്‍ ഉപയോഗിക്കാന്‍ നിയമമില്ല എന്ന് വാദം.
സുപ്രിം കോടതി ഉത്തരവ്: തിരഞ്ഞെടുപ്പ് റദ്ദാക്കുന്നു. എല്ലാ ബൂത്തിലും വീണ്ടും വോട്ടെടുപ്പ് നടത്തണം; യന്ത്രമുപയോഗിക്കാതെ, പഴയ പടി” വീണ്ടും വോട്ടെടുപ്പ് നടത്തി-ജോസ് ജയിച്ചു.
യന്ത്രമുപയോഗിക്കാന്‍ പാടില്ലെങ്കില്‍, അക്കാര്യം നേരത്തെ പറയാതിരുന്നതെന്ത് കൊണ്ട്. ഇരട്ടി ചെലവ് വന്നില്ലേ? അന്ന് തുടങ്ങി ഇലക്ഷന്‍ തമാശ! 1989 ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. വോട്ടിംഗ് മെഷീന്‍ നിയമാനുസൃതമാക്കി. 2001 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യന്ത്രം ഉപയോഗിച്ചു. 2004 ല്‍ രാജ്യ വ്യാപകമാക്കി. മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ മതി; വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളില്‍ ആരും സ്വീകാര്യനല്ലെങ്കില്‍, ”നോട്ട”- നണ്‍ ഓഫ് ദ എബൊവ്’ എന്നതില്‍ അമര്‍ത്തുക. വോട്ട് രേഖപ്പെടുത്തുന്ന യന്ത്രം രൂപകല്‍പ്പന ചെയ്തത് ”സുജാത” എന്ന തൂലികാ നാമധാരിയായ എഴുത്തുകാരന്‍ സി. രംഗരാജന്‍. എഞ്ചിനീയര്‍.
യന്ത്രം വന്നിട്ടും, വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടവകാശമുള്ള എല്ലാവരും വോട്ട് ചെയ്യാറുണ്ടോ? നമ്മുടെ ലോക്സഭാ മണ്ഡലത്തില്‍ മെയ് ഇരുപത്തിയാറാം തിയതി, 14,52,230 പേരും (പുരുഷന്മാര്‍-70,01,475; സ്ത്രീകള്‍- 7,50,741; ട്രാന്‍സ്ജന്‍ഡര്‍-14) തങ്ങളുടെ ‘ഹിതം’ ഇ.വി.എം വഴി രേഖപ്പെടുത്തേണ്ടതാണല്ലോ. അതുണ്ടാവില്ലെന്ന് ബലമായ സംശയമുള്ളതു കൊണ്ടല്ലേ, വോട്ടര്‍മാരെ ‘ബോധവല്‍ക്കരിക്കാന്‍’ കര്‍ണാടകത്തിലെ ബണ്ട്വാളില്‍ നിന്നും ഒമ്പത് വയസ്സുകാരി ”സന്നിധിയുടെ സഹായം തേടിയത്?
ബണ്ട്വാള്‍ താലൂക്കിലെ പെരാജെയിലെ ബാല വികാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന സന്നിധിക്ക് ഒരു മോഹം! എല്ലാ വോട്ടര്‍മാരും ഇത്തവണ വോട്ടു ചെയ്യണം. സ്വന്തം നാട്ടിലെ, (ദക്ഷിണ കന്നഡ) വോട്ടര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി. അതുപോര, അയല്‍ സംസ്ഥാനത്തിലേയും. പിതാവായ ലോകേഷിനെ ആഗ്രഹം അറിയിച്ചു. അദ്ദേഹത്തിനും സമ്മതം. മകളെയും കൂട്ടി കാസര്‍കോട് ജില്ലാ ആസ്ഥാനത്തെത്തി. അസി. കളക്ടര്‍ ദിലാപ് കെ കൈനിക്കരയെ കണ്ടു. അദ്ദേഹം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരുടെ മുന്നിലെത്തി വിവരം പറഞ്ഞു. അനുമതി കിട്ടി. ബോധവല്‍ക്കരണം നടത്താം.
സന്നിധിക്ക് അഞ്ചു ഭാഷകള്‍ അറിയാം. കന്നഡ, തുളു, കൊങ്കിണി, ഇംഗ്ലീഷ്, മലയാളം അധികാരികളുടെ അനുമതി കിട്ടിയതോടെ സന്നിധി കളത്തിലിറങ്ങി. കാസര്‍കോട്ടെ ബസ് സ്റ്റാന്റുകള്‍, ഓട്ടോ റിക്ഷ സ്റ്റാന്റുകള്‍, കടകള്‍ വീടുകള്‍-ഒരിടവും വിട്ടില്ല, കയറിയിറങ്ങി അഭ്യര്‍ത്ഥിച്ചു. വോട്ടവകാശം പാഴാക്കരുത്. എല്ലാവരും വോട്ട് ചെയ്യണം.
എല്ലാവരും ബോധവത്കൃതരായിട്ടുണ്ടാകണം. ഈ കുറിപ്പുകാരന്‍ ഇതുവരെ സന്നിധിയെ കണ്ടിട്ടില്ല. കാണാന്‍ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും ദിവസങ്ങളുണ്ടല്ലോ. എല്ലാവരെയും നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചാലും ബോധമുദിക്കുമോ? എല്ലാവരും നിശ്ചിത ദിവസം ബൂത്തുകളില്‍ എത്തുമോ? അതറിയാന്‍ പോളിംഗ് ദിവസം വരെ കാത്തിരിക്കാം.
എല്ലാവരും വോട്ടു ചെയ്യണം എന്ന് നിര്‍ബന്ധമുണ്ടോ? തിരഞ്ഞെടുപ്പ് നിയമവും പൗരത്വനിയമവും അങ്ങനെ അനുശാസിക്കുന്നുണ്ടോ? വോട്ട് ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് നിയമാനുസൃത യോഗ്യതകളുണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ വോട്ട് ചെയ്യാം; ആരും തടയുകയില്ല. ” ഞാന്‍ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല” എന്ന് പറഞ്ഞാല്‍, നിര്‍ബന്ധിച്ച്, ബലാത്കാരമായി വോട്ട് ചെയ്യിക്കുമോ? മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരെയും സ്വീകാര്യമല്ല എന്ന് തോന്നുന്ന പക്ഷം അക്കാര്യം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യമുണ്ട്. ‘നണ്‍ ഓഫ് ദ എബൗ’ -നോട്ട- എന്ന് രേഖപ്പെടുത്തിയതിന് നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്താം. നമ്മുടെ തീരുമാനം രേഖപ്പെടുത്തപ്പെടും. അതിനായി ബൂത്തില്‍ പോയി ക്യൂ നില്‍ക്കേണ്ടതുണ്ടോ? ജനഹിതം തേടുമ്പോള്‍ പലതും വാഗ്ദാനം ചെയ്യും അതെല്ലാം സമയബന്ധിതമായി നിറവേറ്റുന്നില്ല എന്ന് കാണുമ്പോള്‍ തിരിച്ചു വിളിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടോ? നമ്മുടെ ഇലക്ഷന്‍ സമ്പ്രദായത്തിന്റെ ഒരു പരിമിതിയാണത്-വോട്ട് രേഖപ്പെടുത്തുന്നതോടെ സമ്മതിദായകര്‍ പാടെ അവഗണിക്കപ്പെടുന്നു എന്നത്. കക്ഷി മാറിയാല്‍ പോലും അയാളെ അയോഗ്യന്‍ ആക്കാന്‍ ഫലപ്രദമായ നിയമമില്ല. ഈ കഥയൊന്നും പാവം സന്നിതിക്കുട്ടിക്ക് അറിയില്ലല്ലോ!
ഇലക്ഷന്‍ പ്രചരണ പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് കുറ്റമാണ്. സ്ഥാനാര്‍ത്ഥിയുടെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം. പല സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുക്കാറുണ്ട് ചട്ടലംഘനം ആരോപിച്ച്. ബോധവല്‍ക്കരണത്തിന് കുട്ടിയെ ഉപയോഗിച്ചതും കുറ്റമല്ലേ? അനുമതി നല്‍കി പ്രോത്സാഹിപ്പിച്ച അധികൃതര്‍ വ്യക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page